കാഞ്ഞങ്ങാട്ട് റെയില്‍ പാളത്തില്‍ വിള്ളല്‍; വന്‍ ദുരന്തം ഒഴിവായി
കാഞ്ഞങ്ങാട്: റെയില്‍ പാളത്തിലെ വിള്ളല്‍ യഥാസമയം കണ്ടെത്തിയതിനാല്‍ കാഞ്ഞങ്ങാട്ട് വന്‍ ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട് മാണിക്കോത്ത് ജമാത്ത് പള്ളിക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇന്നലെ രാവിലെ നാട്ടുകാര്‍ വിള്ളല്‍ കണ്ടത്. കൂട്ടിയോജിപ്പിക്കുന്ന സ്ഥലത്തു പാളം പൊട്ടിയകന്നു നില്‍ക്കുന്നതായി രാവിലെ 7 .30 നാണ് കുഞ്ഞിരാമന്‍ എന്ന കൂലിത്തൊഴിലാളിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഉടനെ സമീപ പ്രദേശത്തെ തന്റെ സ്‌നേഹിതരായ പ്രമോദിനെയും റസാഖിനെയും കുഞ്ഞിരാമന്‍ വിവരം അറിയിച്ചു . ഇവര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ചു പറയാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ആരും എടുത്തില്ലെന്നാണ് പറയുന്നത്. ഇതിനിടയിലാണ് കാസര്‍കോട് ഭാഗത്തുനിന്ന് ഹാപ്പ എക്‌സ്പ്രസ് വരുന്നത് കണ്ടത്. തീവണ്ടിയുടെ ലോക്കോ പൈലറ്റിന് സൂചന കൊടുക്കാന്‍ ഒരു വഴിയും കാണാതെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു കുഞ്ഞിരാമനും സുഹൃത്തുക്കളും.
ഇതിനിടയിലാണ് പാളത്തിന്നരികിലെ തന്റെ പച്ചക്കറി കൃഷി നനയ്ക്കുകയായിരുന്ന ശ്യാമള എന്ന സ്ത്രീയുടെ കൈയിലുണ്ടായിരുന്ന ചുവപ്പും മഞ്ഞയും നിറമുള്ള ഷാള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടത് .
അത് വാങ്ങി ട്രാക്കില്‍ കയറിനിന്ന് വീശി ഹാപ്പ എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റിന് ഇവര്‍ അപകട സൂചന നല്‍കി. ചുവന്ന ഷാളും പാളത്തിന്നരികെ ജനം കൂടിനില്‍ക്കുന്നതും കണ്ട ലോക്കോ പൈലറ്റ് അപകടം മണത്തു വണ്ടിയുടെ വേഗത കുറച്ചു.
എന്നാല്‍ നാല് കോച്ചുകള്‍ ഇതിനകം പാളം വേര്‍പെട്ടുപോയ ഭാഗം കടന്നുപോയിക്കഴിഞ്ഞിരുന്നു. വണ്ടിയുടെ വേഗത കുറവായതിനാല്‍ ഒന്നും സംഭവിച്ചില്ലെന്ന് മാത്രം.
കുഞ്ഞിരാമന്റെയും സുഹൃത്തുക്കളുടെയും സമയോചിത ഇടപെടലാണ് വലിയ ഒരു ദുരന്തം ഒഴിവാക്കിയത്. ലോക്കോപൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് എന്‍ജിനീയയറിങ് വിഭാഗം എത്തി വിള്ളല്‍ താല്‍ക്കാലികമായി പരിഹരിച്ച ശേഷമാണ് വണ്ടി കടത്തി വിട്ടത്.
ഇതുവഴി കടന്നു പോകേണ്ട വണ്ടികളൊക്കെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഇതേതുടര്‍ന്ന് ഒന്നും ഒന്നരയും മണിക്കൂര്‍ വൈകിയാണ് ട്രെയിനുകള്‍ കടന്നുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."