മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പളവര്‍ധന: ബില്‍ ഇന്ന് സഭയില്‍
തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കുത്തനെ വര്‍ധിപ്പിക്കുന്നതിനുള്ള 'ദി പേയ്‌മെന്റ് ഓഫ് സാലറീസ് ആന്‍ഡ് അലവന്‍സസ് (അമെന്‍ഡ്‌മെന്റ്) ബില്‍' ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ബില്ലിന് കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു.
ശമ്പളത്തിനുപുറമെ മറ്റു പല ആനുകൂല്യങ്ങളിലും വര്‍ധന വരുത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. മന്ത്രിമാരുടെ ശമ്പളം 55,012ല്‍ നിന്ന് 90,300 രൂപയാകും. എം.എല്‍.എമാരുടേത് 39,500ല്‍ നിന്ന് 70,000 രൂപയായും ഉയരും.
നിയമസഭാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് എം.എല്‍.എമാര്‍ക്ക് വിമാന യാത്രാക്കൂലി ഇനത്തില്‍ 50,000 രൂപ അനുവദിക്കും. സാമാജികരുടെ അപകട ഇന്‍ഷുറന്‍സ് തുക അഞ്ചു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയരും.
സംസ്ഥാനത്തിനകത്ത് വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് എം.എല്‍.എമാര്‍ക്ക് കിലോമീറ്ററിന് നല്‍കുന്ന ബത്ത ഏഴു രൂപയില്‍ 10 രൂപ ആകും. ദിവസേനയുള്ള യാത്രാബത്ത 750 രൂപയില്‍ നിന്ന് ആയിരം രൂപയാകും. സംസ്ഥാനത്തിനകത്തും പുറത്തും ട്രെയിന്‍ യാത്രയ്ക്കുള്ള ബത്ത കിലോമീറ്ററിന് 50 പൈസയുള്ളത് ഒരു രൂപയാകും.
സംസ്ഥാനത്തിനു പുറത്തേക്ക് റോഡ് യാത്രയ്ക്കുള്ള അലവന്‍സ് കിലോമീറ്ററിനു 10 രൂപയുള്ളത് 15 രൂപയാകും. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സംസ്ഥാനത്തിനകത്തുള്ള യാത്രാബത്ത കിലോമീറ്ററിനു 10 രൂപയില്‍ നിന്ന് 15 ആയി ഉയരും.
ഇതിനുപുറമെ മുന്‍ എം.എല്‍.എമാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള 'കേരള നിയമസഭാംഗങ്ങളുടെ പെന്‍ഷന്‍ ഭേദഗതി' ബില്ലും ഇന്ന് സഭയില്‍ അവതരിപ്പിക്കും. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എം.എല്‍.എക്ക് ഇപ്പോള്‍ പെന്‍ഷനായി ലഭിക്കുന്ന 10,000 രൂപ 20,000 ആയി ഉയര്‍ത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. പിന്നീടു തികയ്ക്കുന്ന ഓരോ വര്‍ഷത്തിനും ആയിരം രൂപ അധികമായി ലഭിക്കും. നിലവില്‍ ഇത് 750 രൂപയാണ്. പരമാവധി പെന്‍ഷന്‍ 35,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. നിലവില്‍ രണ്ടുവര്‍ഷം എം.എല്‍.എ ആയിരുന്നവര്‍ക്ക് 7,000 രൂപയും അതിനുതാഴെ ഏതു കാലാവധിക്കും 6,000 രൂപയുമാണ് പെന്‍ഷന്‍.
ഇതില്‍ മാറ്റംവരുത്തി ഒരുദിവസം മുതല്‍ രണ്ടു വര്‍ഷം വരെ എം.എല്‍.എ ആയിരുന്നവര്‍ക്ക് 8,000 രൂപ പെന്‍ഷന്‍ നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. മൂന്നുവര്‍ഷം തികച്ചവരുടെ പെന്‍ഷന്‍ 8,000 രൂപയില്‍ നിന്ന് 12,000 ആകും. നാലുവര്‍ഷം തികച്ചവരുടെ പെന്‍ഷന്‍ 9,000 രൂപയില്‍ നിന്ന് 16,000 ആകും. 80 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷനില്‍ പ്രതിമാസം 3,500 രൂപ അധികം നല്‍കാനും വ്യവസ്ഥയുണ്ട്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലുള്ള ഈ വര്‍ധന സംസ്ഥാനത്തിനു കടുത്ത സാമ്പത്തികബാധ്യത സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."