വിദ്യാര്‍ഥികള്‍ക്ക് എന്നും ദുരിതയാത്ര ഞാണിന്മേല്‍ക്കളി തുടങ്ങി
തെക്കന്‍ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്കു സീറ്റിലിരുന്നു യാത്രചെയ്യാം; മലപ്പുറത്തു പാടില്ല മോട്ടോര്‍വാഹന വകുപ്പ് ഉത്തരവുകളും പാലിക്കപ്പെട്ടിട്ടില്ല
മലപ്പുറം: നിയമങ്ങള്‍ പലതുമുണ്ടെങ്കിലും ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ ദുരിതത്തിനു പരിഹാരമായില്ല. പുതിയ അധ്യയന വര്‍ഷത്തിലും സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുസ്തികൂടണം ബസുകളില്‍ കയറാന്‍. സ്വകാര്യ ബസുകള്‍ പുറപ്പെടുന്നതു കാത്തു നിന്നാല്‍ ചിലപ്പോള്‍ നിര്‍ത്തും. മറ്റു ചിലപ്പോള്‍ വിദ്യാര്‍ഥികളെ കാണുമ്പോള്‍ ദൂരെ കൊണ്ടുപോയി നിര്‍ത്തും. വിദ്യാര്‍ഥികള്‍ ഓടിയെത്തുമ്പോള്‍ വാഹനം പുറപ്പെടുകയും ചെയ്യും.
യാതൊരു മുന്നറിയിപ്പുമില്ലാതെ ബസ് മുന്നോട്ടെടുക്കുകയും ചെയ്യും. ബസിനുള്ളില്‍ കയറിപ്പറ്റിയാല്‍ സീറ്റ് ഒഴിവുണ്ടെങ്കിലും ഇരിക്കരുത്. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കുള്ള അലിഖിത നിയമങ്ങളാണിത്.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഈ യാത്രാ ദുരിതത്തിന് അറുതിവരുത്താന്‍ ആര്‍.ടി.ഒയും പൊലിസുമടക്കമുള്ളവര്‍ നിരവധി നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നുവെങ്കിലും അതൊന്നും വിജയം കണ്ടില്ല. വിദ്യാര്‍ഥികളോടപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ് ഉടമകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കിയിരുന്നു. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകനെ ട്രാഫിക് നോഡല്‍ ഓഫിസറായി നിയമിക്കും.
വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും അപ്പപ്പോള്‍ പരിഹാരം തേടുന്നതിനും വിവിധ ഏജന്‍സികളുടെ സഹായം തേടുന്നതിനുമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കണമെന്നും മോട്ടോര്‍ വകുപ്പിന്റെ ഉത്തരവുണ്ടായിരുന്നു. ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും ട്രാഫിക് നോഡല്‍ ഓഫിസര്‍ക്കും നല്‍കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.
മലബാര്‍ ജില്ലകളില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ ലഭിക്കാത്തത്. മറ്റു ജില്ലകളില്‍ വിദ്യാര്‍ഥികള്‍ ഇരുന്നു യാത്ര ചെയ്യുന്നതു പതിവാണ്. വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ ശക്തമാകാത്തതുകൊണ്ടാണു നില്‍പ്പുയാത്രക്കാരായി വിദ്യാര്‍ഥികള്‍ തുടരുന്നതെന്ന് വിമര്‍ശനമുണ്ട്.
കൂടുതല്‍ പേരെ ഓട്ടോയില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതും ആര്‍.ടി.ഒ കര്‍ശനമായി വിലക്കിയതാണ്. എങ്കിലും പൊലിസ് പരിശോധന കര്‍ശനമല്ലാത്തതിനാല്‍ അതിപ്പോഴും നിര്‍ബാധം തുടരുന്നു. ഒരു ഓട്ടോയില്‍ നാലുപേര്‍ക്കേ സുഖമായി യാത്ര ചെയ്യാനാവൂ. എന്നാല്‍ എട്ടും പത്തും കുട്ടികളെ കുത്തി നിറച്ചാണു പലരും കൊണ്ടുപോകുന്നത്. ഇതു പലപ്പോഴും അപകടത്തിനു വഴിയൊരുക്കുന്നുണ്ട്.
സ്‌കൂള്‍ ബസുകളില്‍ ചെറിയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പത്തു വര്‍ഷത്തേയും ഹെവി വാഹനമാണെങ്കില്‍ അഞ്ചും വര്‍ഷത്തേയും പ്രവൃത്തി പരിചയം വേണമെന്നു നിയമമുണ്ടെങ്കിലും ഇതും പല സ്‌കൂളുകളും പാലിക്കുന്നില്ല. വീടിന്റെയോ സ്‌കൂളിന്റേയോ മുന്‍വശത്തു വാഹനം നിര്‍ത്തുമ്പോള്‍ കുട്ടികളെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുന്നതിനു വേണ്ടി ഓരോ വാഹനത്തിലും ആയമാര്‍ ഉണ്ടാവണമെന്നും നിയമമുണ്ട്. എന്നാല്‍ വളരെ ചുരുങ്ങിയ സ്‌കൂള്‍ ബസുകളില്‍ മാത്രമാണ് ആയമാരുള്ളത്. എല്‍.കെ.ജി വിദ്യാര്‍ഥികളെ പോലും അശ്രദ്ധമായാണു വാഹനങ്ങളില്‍ കയറ്റിവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."