ആശുപത്രികള്‍ തകര്‍ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ചികിത്സാപിഴവ് ആരോപിച്ച് ഡോക്ടര്‍മാരെ കൈയേറ്റം ചെയ്യുകയും ആശുപത്രികള്‍ തകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കൊഗിനൈസബിള്‍ ഒഫന്‍സ് ആയി കണക്കാക്കി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ എല്ലാ പൊലിസുദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
സംസ്ഥാന പൊലിസ് മേധാവിക്കാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്.സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ആരോഗ്യ സംരക്ഷണ നിയമത്തില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ ഒറ്റയ്‌ക്കോ കൂട്ടായോ ആക്രമണമുണ്ടായാല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവുശിക്ഷയും പിഴയും കോടതി മുഖാന്തിരം നല്‍കുന്നതിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് നടക്കുന്ന അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരികയാണ്. ഇതിനെതിരെ ആശുപത്രി ജീവനക്കാര്‍ നടത്തുന്ന മിന്നല്‍ പണിമുടക്കുകള്‍ പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു. ആശുപത്രി ജീവനക്കാരെ കൈയേറ്റം ചെയ്യുന്നതിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലിസ് മേധാവി ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."