നിലപാടുകള്‍ തന്നെയാണ് പ്രധാനം
കെന്‍ നിക്കോള്‍സ് ഒകാഫ് എന്നു പേരുള്ള ഒരു അമേരിക്കന്‍ ചെറുപ്പക്കാരന്‍. കാതില്‍ കടുക്കനിട്ട്, ഷേവ് ചെയ്യാത്ത മുഖം. ഓര്‍ക്കുന്നുണ്ടോ നിങ്ങളീ ചെറുപ്പക്കാരനെ? അമേരിക്ക ഇറാഖിനു മേല്‍ കിരാതമായ ആക്രമണം അഴിച്ചുവിടുന്നതിനു മുമ്പ് നൂറുകണക്കിന് സുഹൃത്തുക്കളേയും കൂട്ടി ഇറാഖിലേക്ക് പോയി. ഇറാഖികളോടൊപ്പം നിന്ന് മനുഷ്യകവചം തീര്‍ത്ത് മരിക്കാന്‍ തയാറെടുത്തുകൊണ്ട്. ഒരു ടി.വി അഭിമുഖത്തില്‍ നിക്കോള്‍സിനോട് 'നിങ്ങള്‍ക്ക് മരിക്കാന്‍ പേടിയില്ലേ?' എന്നു ചോദിച്ചപ്പോള്‍ ആ ചെറുപ്പക്കാരന്‍ തിരിച്ചു ചോദിച്ചു: 'ഇക്കാലത്ത് സ്വാസ്ഥ്യത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്കാവുന്നുണ്ടെങ്കില്‍ അതേക്കുറിച്ചാണ് പേടിക്കേണ്ടത്.'
നമ്മുടെ കാലത്ത് ഒരു പ്രശ്‌നവും അലട്ടാതെ 'ഞാനും എന്റെ ഭാര്യയും തട്ടാനും' എന്ന മനസ്ഥിതിയില്‍ ജീവിക്കുന്നവരുണ്ടാകാം. ഫാസിസം അടുക്കളയിലെത്തിയാലും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരുവില്‍ മനുഷ്യനെ പച്ചയോടെ വെട്ടിനുറുക്കിയാലും ഒന്നും അറിഞ്ഞില്ലെന്ന് ഭാവിക്കുന്നവര്‍.
ഏത് പ്രശ്‌നങ്ങളിലും നമ്മുടെ നിലപാടുകളാണ് പ്രധാനം. ഒരു കാലത്ത് മനുഷ്യാവകാശത്തിനു വേണ്ടി ആവേശപൂര്‍വം പോരാടിയ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂകി, റോഹിംഗ്യന്‍ മുസ്‌ലിംകളെ പട്ടാളം കശാപ്പു ചെയ്യുന്നത് കണ്ടില്ലെന്നു നടിച്ചപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും അവര്‍ക്ക് നല്‍കിയ ബഹുമതികള്‍ തിരിച്ചെടുക്കുകയുണ്ടായി. മ്യാന്‍മറിലെ ബുദ്ധിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികള്‍ കണ്ടില്ലെന്നു നടിച്ചതോടെ സൂകിക്ക് മനുഷ്യാവകാശ പ്രശ്‌നത്തില്‍ ഒരു നിലപാട് ഇല്ലെന്നായി. എത്ര പെട്ടെന്നാണ് നക്ഷത്രങ്ങള്‍ കരിക്കട്ടകളാകുന്നത്!
സാംസ്‌കാരിക-സാഹിത്യ രംഗങ്ങളിലുള്ളവര്‍ക്കും നിലപാടുകള്‍ പ്രധാനമാണ്. കൊലപാതകങ്ങള്‍ ഏത് കക്ഷി നടത്തിയാലും അപലപിക്കപ്പെടേണ്ടതുണ്ട്. ഫാസിസം നമ്മുടെ വാതിലിനു മുട്ടി അകത്തുകയറി നമ്മെ കടിച്ചു കീറുമ്പോള്‍ താത്വിക ചര്‍ച്ചകള്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത വിപ്ലവ കക്ഷികളാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തുള്ളത്. ജനാധിപത്യവും മതേതരത്വവും ഐ.സിയുവിലാണിന്ന് നമ്മുടെ നാട്ടില്‍. ഗാന്ധിജിയെ കൊന്ന അതേ തോക്ക് കൊണ്ടുതന്നെയാണ് ഗൗരിലങ്കേഷിനെയും കൊന്നത്.
രാജ്യസ്‌നേഹം, ദേശീയത എന്നൊക്കെ പറഞ്ഞ് ന്യൂനപക്ഷങ്ങളെ വിരട്ടുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണിവിടെയുള്ളത്. ഭയത്തിന്റെ നിശാവസ്ത്രം കൊണ്ട് ഒരു ജനതയെ അപ്പാടെ മൂടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പൂവിലൊളിച്ച കാട്ടുമൃഗത്തെ കാണിച്ചുകൊടുക്കേണ്ടത് കലാകാരന്മാരും എഴുത്തുകാരുമാണ്. വാഴുന്നവന്റെ കൈകള്‍ക്ക് വളയിടുകയല്ല കലാകാരന്‍, എഴുത്തുകാരന്‍ ചെയ്യേണ്ടത്. എഴുത്തുകാരന്റെ നിലപാടുകള്‍ ഏറ്റവും പ്രധാനമാണ്. രാജ്യം മരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രതിരോധത്തിന്റെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കാന്‍ അവര്‍ തയാറാവണം. കലയില്‍ അധികാരത്തിനെതിരെ നില്‍ക്കുന്ന കലാപത്തിന്റെ അംശങ്ങളുണ്ട്.
സാഹിത്യം, ചരിത്രം, ശാസ്ത്രം-സകല മണ്ഡലങ്ങളിലും ഫാസിസത്തിന്റെ കൈ നീണ്ടുവരുന്നു. അസഹിഷ്ണുത ഒരു പൊതുവികാരമായി മാറുന്നു. കഴിക്കുന്ന ഭക്ഷണവും വായിക്കുന്ന പുസ്തകവും കേള്‍ക്കുന്ന പാട്ടും ഏതാണെന്ന് മുന്‍കൂട്ടി പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട ഒരു കാലം. ഇങ്ങനെയുള്ള ഒരു കാലത്ത് 'ഞെമണ്ടന്‍' സാഹിത്യങ്ങള്‍ മാത്രം പടച്ചുവിട്ടതുകൊണ്ടു മാത്രം കാര്യമില്ല. നിങ്ങളേത് പക്ഷത്തു നില്‍ക്കുന്നു, നിങ്ങളുടെ നിലപാട് എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു.
നല്ല നാളുകള്‍ വരുമെന്നാണ് ഭരണാധികാരികള്‍ പറയുന്നത്. 'ടുട്ടേ ടാഗ്ര കൊമ്മേന്‍' (നല്ല നാളുകള്‍ വരും) എന്ന് ഹിറ്റ്‌ലറും പറഞ്ഞിരുന്നു.
ബുഷിന്റെ അമേരിക്ക വൃത്തികെട്ട രീതിയില്‍ ഇറാഖിനെതിരെ അക്രമമഴിച്ചുവിട്ടപ്പോള്‍, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ അമേരിക്കയുടെ വിശ്വസ്തനായ കാര്യസ്ഥനെപോലെ പെരുമാറി ബുഷിന് പിന്തുണ പ്രഖ്യാപിച്ചു.
അന്ന് ബ്രിട്ടനിലെ ലോകപ്രശസ്ത എഴുത്തുകാരന്‍, നൊബേല്‍ സമ്മാനം നേടിയ നാടകകൃത്ത് ഹരോള്‍ ഡി പിന്റര്‍ പത്രക്കാരെയും ടി.വിക്കാരെയും വിളിച്ചുകൂട്ടി പറഞ്ഞു: 'ഇതാ ഒരു രാജ്യദ്രോഹി. എന്തുകൊണ്ട് ടോണിബ്ലെയറെ അറസ്റ്റ് ചെയ്യുന്നില്ല? അദ്ദേഹത്തിന്റെ വിലാസമറിയില്ലെങ്കില്‍ എഴുതിയെടുത്തോളൂ. 10 ഡൗണ്‍ സ്ട്രീറ്റ്, ലണ്ടന്‍.''
ഇത് ധീരനായ ഒരു എഴുത്തുകാരന്റെ ശബ്ദമാണ്. എഴുത്തിനോടൊപ്പം തന്നെ താന്‍ എടുക്കുന്ന നിലപാടുകളും വളരെ പ്രധാനമാണെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു.
പുരയ്ക്ക് തീപിടിച്ചാല്‍, തീപിടിച്ച പുരക്കകത്തുനിന്ന് ഫാഷിസം വന്നോ ഇല്ലയോ എന്ന താത്വിക ചര്‍ച്ചയല്ല നടത്തേണ്ടത്. മൗനം പുതച്ചിരിക്കുകയുമല്ല വേണ്ടത്.
- - - - - - - - - - - - - -
'കാറ്റുകള്‍ പേടിച്ചരണ്ട
വിളക്കുകളോട് പറയുമായിരുന്നു
വരുന്ന ഋതുക്കളിലൊന്നും
നിങ്ങള്‍ വെളിച്ചമേ കാണുകയില്ല'
-അഹമദ് ഫറാസിന്റെ ഒരു കവിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."