ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം: ബ്ലാസ്റ്റേഴ്‌സിന് സമ്മതം കൊച്ചിക്ക് തന്നെ സാധ്യത
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ക്രിക്കറ്റിന് അനുകൂലമായ സമീപനം സ്വീകരിച്ചതോടെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കൊച്ചിയില്‍ നടത്താന്‍ സാധ്യതയേറി. ക്രിക്കറ്റിനായി പിച്ചും ഔട്ട്ഫീല്‍ഡും ഒരുക്കുമ്പോള്‍ ഫുട്‌ബോള്‍ ടര്‍ഫിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുമോയെന്നത് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ക്രിക്കറ്റിന് കലൂര്‍ സ്റ്റേഡിയം വിട്ടുനല്‍കുന്നത് സംബന്ധിച്ച അഭിപ്രായം ആരായാന്‍ കെ.സി.എ, കെ.എഫ്.എ, കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് ഭാരവാഹികളുമായി ജി.സി.ഡി.എ ചെയര്‍മാന്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന് ശേഷം കേരളത്തിന് അനുവദിച്ച ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന വേദി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. കൊച്ചിയില്‍ ഏകദിനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സും, ക്രിക്കറ്റും ഫുട്‌ബോളും കൊച്ചിയില്‍ നടക്കട്ടേയെന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയും നിലപാട് സ്വീകരിച്ചതോടെയാണ് അന്തിമ തീരുമാനം വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം മതിയെന്ന അഭിപ്രായത്തില്‍ എത്തിയത്. സര്‍ക്കാരിന്റെ കൂടി താത്പര്യം പരിഗണിച്ചാവും വേദി ഏതെന്ന് നിശ്ചയിക്കുന്നത്.
ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടത്തിയാല്‍ മതിയെന്ന നിലപാടുമായി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഐ.എം വിജയന്‍ തുടങ്ങിയ മുന്‍ ഇതിഹാസ കായിക താരങ്ങളും രംഗത്ത് വന്നിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായ നിലപാടാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രതിനിധി ഇന്നലെ യോഗത്തില്‍ സ്വീകരിച്ചത്. കൊച്ചിയില്‍ ഏകദിന മത്സരം സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ക്രിക്കറ്റ് മത്സരം കഴിഞ്ഞ് 22 ദിവസം കൊണ്ട് ഫുട്‌ബോള്‍ കളിക്ക് വേണ്ട രീതിയില്‍ സ്റ്റേഡിയത്തിലെ ടര്‍ഫ് പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധി യോഗത്തെ അറിയിച്ചു. ഇതോടെ ഏകദിനം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്ന കെ.സി.എയും പിന്‍വലിഞ്ഞു. മെയ് ആദ്യവാരം പണി തുടങ്ങിയാല്‍ നവംബറോടെ ക്രിക്കറ്റ് മത്സരത്തിന് അനുകൂലമായ രീതിയില്‍ കൊച്ചി സ്റ്റേഡിയത്തില്‍ പിച്ചൊരുക്കാന്‍ സാധിക്കുമെന്നും എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ മത്സരം കൊച്ചിയില്‍ തന്നെ നടത്താമെന്നും കെ.സി.എ ഭാരവാഹികളും നിലപാട് സ്വീകരിച്ചു.
നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തിലാണ് ഏകദിനം നിശ്ചയിച്ചിരിക്കുന്നത്. വിദഗ്ധ സമിതി പരിശോധന നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന് ശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. സ്റ്റേഡിയത്തിന്റെ പ്രതലം മാറ്റിയെടുക്കാനും പൂര്‍വ സ്ഥിതിയിലാക്കാനും എത്ര ദിവസം വേണ്ടി വരുമെന്നതും സമിതി പരിശോധിക്കും. രാജ്യാന്തര നിലവാരത്തിലുള്ള ടര്‍ഫ് അതേപോലെ വീണ്ടും പാകപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ മാത്രമേ ക്രിക്കറ്റ് നടത്താന്‍ അനുകൂലമായ തീരുമാനം ഉണ്ടാകൂ. ക്രിക്കറ്റ് തിരുവനന്തപുരത്തും ഫുട്‌ബോള്‍ കൊച്ചിയിലും എന്ന വാദത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ ജി.സി.ഡി.എ ചെയര്‍മാന്‍ രണ്ട് സ്റ്റേഡിയത്തിലും ക്രിക്കറ്റിനും ഫുട്‌ബോളിനും സാധ്യതയുണ്ടെങ്കില്‍ നടത്തണമെന്നും പറഞ്ഞു.
ടര്‍ഫിന് പ്രശ്‌നമുണ്ടാകില്ലെന്ന് ചര്‍ച്ചയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഫുട്‌ബോളിന് തടസമുണ്ടാകില്ലെങ്കില്‍ കൊച്ചിയില്‍ തന്നെ ഏകദിനം നടക്കുമെന്ന് കെ.സി.എയും കേരള ഫുട്‌ബോള്‍ അസോസിയേഷനും അറിയിച്ചു. സ്റ്റേഡിയം ഉപയോഗിക്കുന്നതിന് ബ്ലാസ്റ്റേഴ്‌സുമായി ജി.സി.ഡി.എ ഉണ്ടാക്കിയ കരാര്‍ ഈ മാസം 31 ന് അവസാനിക്കും. ഐ.എസ്.എല്‍ മത്സരം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സെപ്റ്റംബറില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായാണ് ടീം പ്രതിനിധികള്‍ നല്‍കുന്ന വിവരം.
സ്റ്റേഡിയം സംബന്ധിച്ചുള്ളത് കൂട്ടായ തീരുമാനമാണെന്ന് കെ.സി.എ സെക്രട്ടറി ഡോ. ജയേഷ് ജോര്‍ജ് പറഞ്ഞു. ഗ്രൗണ്ട് ഒരുക്കാന്‍ നവംബര്‍ വരെ സമയമുണ്ട്. കേരളത്തിന് അനുവദിച്ച മത്സരത്തിന്റെ വേദി തീരുമാനിക്കാനുള്ള അവകാശം കെ.എസി.എക്കാണ്. രണ്ട് സ്റ്റേഡിയവും ബി.സി.സി.ഐ അംഗീകരിച്ചതാണ്. കെ.സി.എയുടെ തീരുമാനം ബി.സി.സി.ഐയെ അറിയിച്ചാല്‍ മാത്രം മതിയെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. കെ.സി.എ കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയിട്ടുള്ള മുതല്‍ മുടക്കിനെ കുറിച്ച് ബി.സി.സി.ഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."