'അമ്മയും കുഞ്ഞും ആശുപത്രി'; ആരോഗ്യ വകുപ്പ് ഭൂമി ഏറ്റെടുത്തു
അടിമാലി: അമ്മയും കുഞ്ഞും ആശുപത്രിക്കായി അടിമാലി പഞ്ചായത്ത് വിട്ടുനല്‍കിയ ഭൂമി ആരോഗ്യ വകുപ്പ് ഏറ്റെടുത്തു.
പഞ്ചായത്ത് അധികൃതര്‍ ഭൂമി വിട്ടുനല്‍കുന്നതിന് തയാറാണെന്നു കാണിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് രേഖാമൂലം കത്തു നല്‍കിയെങ്കിലും ആരുടെ പേരില്‍ ആധാരം ചെയ്തുവാങ്ങണമെന്ന അന്വേഷണം നീണ്ടത് ഒരു വര്‍ഷക്കാലമാണ്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുവേണ്ടി ഭൂമിയുടെ അവകാശം താലൂക്ക് ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ ദിവസം ഏറ്റെടുത്തിട്ടുണ്ട്.
നാലു വര്‍ഷം മുന്‍പ് അമ്മയും കുഞ്ഞും ആശുപത്രി അടിമാലിക്ക് അനുവദിച്ചതാണ്. എന്നാല്‍ ഇതിനുള്ള ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് മച്ചിപ്ലാവിലുള്ള സ്ഥലം പഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കുന്നതിനു തീരുമാനിച്ചത്. ഇതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയെങ്കിലും അനന്തര നടപടികള്‍ നീളുകയായിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന് ഭൂമി വിട്ടു നല്‍കുന്നതിനുള്ള വ്യവസ്ഥകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നത് ഇവിടെ നിന്നും ആശുപത്രി മാറ്റുമെന്ന പ്രചാരണത്തിന് ആക്കം കൂടാന്‍ കാരണമായി.
ഒന്നര ഏക്കര്‍ സ്ഥലമാണ് ആശുപത്രിക്കായി അനുവദിച്ചു നല്‍കിയിട്ടുള്ളത്. 2014 ജൂലൈ നാലിനാണ് അന്നത്തെ പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് ആശുപത്രിക്കായി ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനമെടുത്ത് തദ്ദേശസ്വയം ഭരണ വകപ്പിനു കൈമാറിയത്.എന്നാല്‍ അനന്തര നടപടികള്‍ ചുവപ്പുനാടയില്‍ കുരുങ്ങിയതാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാലതാമസത്തിന് കാരണമായത്. നാലരക്കോടി രൂപയാണ് ആശുപത്രിക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. തുടക്കത്തില്‍ മൂന്നു നിലകെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നത് അടിമാലി താലൂക്ക് ആശുപത്രിയിലാണ്.
ആദിവാസി മേഖലയില്‍ നിന്നുള്ളവരാണ് ഇവിടെ കൂടുതലായി ചികിത്സതേടിയെത്തുന്നത്. ഇതോടൊപ്പം മൂന്നാര്‍ മേഖലയില്‍ നിന്നുള്ള തോട്ടം തൊഴിലാളികള്‍ കൂടുതലായി ആശ്രയിക്കുന്നതും ഇതേ ആശുപത്രിയെയാണ്.
ദേവികുളം താലൂക്കിലെയും ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ ഏതാനും പഞ്ചായത്തുകളിലെയും രോഗികള്‍ ചികിത്സതേടിയെത്തുന്നതും ഇവിടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."