അവഗണനയാണ് കുട്ടികള്‍ നേരിടുന്ന ഒന്നാമത്തെ ക്രൂരത: മാധുരി എസ്. ബോസ്
കാസര്‍കോട്: വീടുകളിലും വിദ്യാലയങ്ങളിലും പൊതുസമൂഹത്തില്‍ നിന്നും നേരിടുന്ന അവഗണനയാണ് കുട്ടികള്‍ നേരിടുന്ന ഒന്നാമത്തെ ക്രൂരതയെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ്. ബോസ്. വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂനിറ്റ്, കാസര്‍കോട് പ്രസ്‌ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച 'സമീക്ഷ' ഏകദിന മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിദ്യാര്‍ഥിനിയെ കാമുകനായ സഹപാഠി കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ വരുന്നത് കുട്ടികളില്‍ ഹീറോയിസം വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂകയുള്ളൂ. തനിക്ക് ലഭിക്കാത്തത് മറ്റൊരാള്‍ക്ക് ലഭിക്കരുതെന്ന ചിന്തയില്‍ നിന്നാണ് മറ്റൊരാളെ ഇല്ലാതാക്കാനുള്ള ചിന്തകള്‍ വളരുന്നതിനു പിന്നില്‍. കുട്ടികളില്‍ ത്യാഗ മനോഭാവം വളര്‍ത്തിയെടുക്കുന്ന വാര്‍ത്താറിപ്പോര്‍ട്ടിങില്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും മാധുരി എസ്. ബോസ് പറഞ്ഞു.
അവഗണനയാണ് കുട്ടികള്‍ നേരിടുന്ന ഒന്നാമത്തെ ക്രൂരതയെങ്കില്‍ രണ്ടാമത്തെ ക്രൂരത ലൈംഗികാതിക്രമമാണ്. സ്‌കൂളുകളിലും വീടുകളിലും പഠന വിഷയങ്ങളിലുള്‍പ്പെടെ കുട്ടികളെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ബാലനീതി നിയമം-2016 പ്രകാരം കുട്ടികളെ സംബന്ധിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടിങിനെ ആധാരമാക്കിയുമാണ് ശില്‍പശാല സംഘടിപ്പിച്ചത്. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. പ്രസ്‌ക്ലബ് സെക്രട്ടറി വിനോദ് പായം, ചൈല്‍ഡ് ലൈന്‍ നോഡല്‍ കോര്‍ഡിനേറ്റര്‍ അനീഷ് ജോസ്, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍ അഡ്വ. എ. ശ്രീജിത്ത്, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ പി. ബിജു സംസാരിച്ചു. ബാലനീതി നിയമം, ബാലസംരക്ഷണ നിയമങ്ങളും മാധ്യമ റിപ്പോര്‍ട്ടിങും എന്ന വിഷയത്തില്‍ ജില്ലാ പ്രെബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവില്‍ ക്ലാസെടുത്തു. തുടര്‍ന്നു 'കുട്ടികളും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ പൊതു സംവാദവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."