വേദനിപ്പിക്കുന്ന വസ്തുതകള്‍
ജെ.ജെ ആക്ട് ബാധകമാകുന്ന ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെ നമ്മുടെ രാജ്യത്തു നിന്ന് ദത്തെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് സ്വന്തമാക്കാനുള്ള അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2015 ഏപ്രില്‍ 24ന് കേന്ദ്ര ശിശു വികസന മന്ത്രി മേനകാ ഗാന്ധി ഡബ്ല്യൂ.ഒ.ഡി 75എം 2015 കത്ത് പ്രകാരം സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടിരുന്നതാണ്. ജെ.ജെ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്നതിന് മുമ്പ് രക്ഷിതാക്കളും സ്ഥാപന ഭാരവാഹികളും ഇത്തരം അപകടകരമായ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച് പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ നിയമപരമായി യാതൊരു നിലക്കും കുട്ടിയെ തിരിച്ചുകിട്ടില്ലെന്ന കഠിന യാഥാര്‍ഥ്യം ഉള്‍കൊള്ളാനും ശിഷ്ട ജീവിതം തീരാദുഃഖത്തില്‍ കഴിഞ്ഞുകൂടാനും നിര്‍ബന്ധിതരായി തീരും.
ജെ.ജെ സ്ഥാപനത്തില്‍ കുട്ടിയെ ചേര്‍ക്കുന്നതോടെ കുട്ടിയുടെ രക്ഷിതാവ് ജെ.ജെ ആക്ട് വകുപ്പ് 2(14)(5) പ്രകാരം കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാത്ത രക്ഷിതാവായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് തീരുമാനിക്കാന്‍ സാധിക്കും. അങ്ങനെ വന്നാല്‍ കുട്ടിയെ രക്ഷിതാക്കളുടെയും സ്ഥാപന ഭാരവാഹികളുടെയും അനുമതിയില്ലാതെ അന്യവ്യക്തികളായ ഏതൊരാള്‍ക്കും കൈമാറാനുള്ള അധികാരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കുണ്ട്. നിയമപരമായി തിരിച്ചുപിടിക്കാനുള്ള യാതൊരു വിധ നിയമ പരിരക്ഷയും സ്ഥാപന ഭാരവാഹികള്‍ക്കോ രക്ഷിതാക്കള്‍ക്കോ രാജ്യത്തെ ഒരു നിയമവും നല്‍കുന്നില്ല.
തിരുവനന്തപുരം നെടുമങ്ങാട് ആനാട് പുലവക്കുന്ന് ദേവീ ക്ഷേത്രത്തിന് എതിര്‍വശം താമസിക്കുന്ന സുജ എന്ന സ്ത്രീയുടെ 10 വയസ്സുള്ള മകന്‍ ശ്രീദേവ്‌നെ രക്ഷിതാക്കളുടെ യാതൊരു വിധ അനുമതിയും കൂടാതെ തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മറ്റൊരു ധനികനായ വ്യക്തിക്ക് കൈമാറിയിട്ട് 2 വര്‍ഷത്തോളമായി.
കുട്ടിയെ ഇതുവരെ ഒരു നോക്ക് കാണാന്‍ പോലും മാതാവ് സുജക്ക് തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അവസരം നല്‍കിയിട്ടില്ല. രണ്ട് വര്‍ഷത്തോളമായി മകന്‍ നഷ്ടപ്പെട്ട വേദനയോടെ ജീവിക്കുന്ന സുജ എന്ന സഹോദരി ജെ.ജെ സ്ഥാപന ഭാരവാഹികള്‍ക്കും രക്ഷിതാക്കള്‍ക്കും പാഠമാകേണ്ടതുണ്ട്.
ജെ.ജെ മോഡല്‍ റൂള്‍സ് 2016 വകുപ്പ് 26,29,39 എന്നിവ പ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, മാനേജ്‌മെന്റ് കമ്മിറ്റി എന്നിവയിലുള്ള അപ്രായോഗിക നിര്‍ദേശങ്ങളും സ്ഥാപന ഭാരവാഹികള്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ഈ ആക്ട് യതീംഖാനകള്‍ക്ക് ബാധകമാക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയല്ലാതെ വേറൊരു കക്ഷിയും ഇതുവരെ വാദം ഉന്നയിക്കാതിരുന്നത് വളരെയധികം വേദനിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. യതീംഖാനകള്‍ ജെ.ജെ ആക്ട് പ്രകാരമുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലം കേരളത്തിലെ യതീംഖാനകള്‍ക്ക് ലഭിച്ച വലിയ ആശ്വാസമാണ്.
ജെ.ജെ. ആക്ട് പ്രകാരം കേരളത്തിലെ ഓരോ ജെ.ജെ സ്ഥാപനവും കുട്ടികളുടെ വിവരം കൈമാറേണ്ടത് സംസ്ഥാന ദത്തുകൊടുക്കല്‍ ഏജന്‍സിക്കാണ്. അവര്‍ കുട്ടിയുടെ വിവരങ്ങള്‍ ദേശീയ ദത്തുകൊടുക്കല്‍ ഏജന്‍സിക്ക് കൈമാറും.
അതുപ്രകാരം ലോകത്ത് എവിടെയുള്ള ഏതൊരാള്‍ക്കും ഇത്തരം കുട്ടികളെ ദത്തെടുക്കാവുന്നതാണ്. ഈയിടെ അമേരിക്കയിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട ഷിറിന്‍ എന്ന മൂന്നു വയസ്സുകാരി ഇന്ത്യയില്‍നിന്നു ദത്ത് എടുക്കപ്പെട്ടതാണ്.
ഇന്ത്യാ രാജ്യത്ത് ഈ നിയമം തെറ്റായ രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള അവസരം ഒരുങ്ങിയത് അന്നത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ അവസരോചിത ഇടപെടലിന്റെ അഭാവം കാരണമാണ്. 2014 ഓഗസ്റ്റ് 12ന് സഭാംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് ലോക്‌സഭയില്‍ ജെ.ജെ. ആക്ടിന്റെ കരട് പ്രസിദ്ധപ്പെടുത്തിയതിന് ശേഷം 2016 ജനുവരി 15ന് മാത്രമാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്.
ഈ സമയത്തിനിടയില്‍ ഇടപെടാന്‍ നിരവധി അവസരങ്ങളവര്‍ക്ക് ഉണ്ടായിരുന്നു. കേരളത്തിലെ പാവപ്പെട്ട കുട്ടികളില്‍നിന്നു കൃത്യം 83,716 കുട്ടികള്‍ക്ക് താമസ സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് ഇതുവഴി നഷ്ടപ്പെടുന്നത്.
നമ്മുടെ യതീംഖാനകള്‍ നടത്തിക്കൊണ്ടു പോകാന്‍ തന്നെ കഷ്ടപ്പെടുന്നതിനിടയില്‍ നിയമപരമായ കാര്യങ്ങളില്‍ സ്ഥാപന ഭാരവാഹികള്‍ക്ക് അവബോധം നല്‍കാന്‍ സംവിധാനങ്ങളില്ലാതെ പോയതാണ് പല യതീംഖാനകളും ജെ.ജെ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാനിടവന്നത്. ദ കേരള ഗ്രാന്റ് ഇന്‍ എയിഡ് റൂള്‍സ് 1964 വകുപ്പ് 4(2)ല്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി, ജെ.ജെ ആക്ട് വകുപ്പ് 2(42) പ്രകാരം യതീം കുട്ടിയെ 'ഓര്‍ഫന്‍' എന്ന് വിളിക്കാന്‍ സാധിക്കില്ല. ഓര്‍ഫന്‍ എന്ന വാക്കിന്റെ അര്‍ഥം സംരക്ഷിക്കാന്‍ കുടുംബത്തില്‍നിന്ന് ആരും ഇല്ലാത്ത കുട്ടി എന്നതാണ്. ആയതിനാല്‍ സ്ഥാപനങ്ങളെല്ലാം യതീംഖാന എന്ന പേരില്‍ മാത്രം നിലനിര്‍ത്താന്‍ ശ്രമിക്കണം.
ഇതിന് ഓര്‍ഫനേജസ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഹോംസ് സൂപ്പര്‍വിഷന്‍ ആന്റ് കണ്‍ട്രോള്‍ ആക്ട് 1960 വകുപ്പ് 5 പ്രകാരമുള്ള കണ്‍ട്രോള്‍ ബോര്‍ഡില്‍ യതീംഖാന എന്ന പേരില്‍ അപേക്ഷിച്ചാല്‍ മതി. കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ സ്ഥാപനത്തിന്റെ ഇനം പറയുന്നിടത്ത് ബോര്‍ഡിങ് ഹോം എന്നാണ് എഴുതിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തണം.
അതു പ്രകാരം ഇതുവരെ ലഭിച്ചിരുന്ന പോലെ തുടര്‍ന്നും സര്‍ക്കാരില്‍നിന്നുള്ള ഗ്രാന്റ് കൈ പറ്റാവുന്നതാണ്. യതീംഖാനയില്‍ അഡ്മിഷന് വരുന്ന കുട്ടികളോട് ഡെസ്റ്റിറ്റിയൂട്ട് ഫോര്‍ നോണ്‍ ഓര്‍ഫന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടണം. നമ്മുടെ യതീംകുട്ടികള്‍ക്ക് താമസസ്ഥലം, ഭക്ഷണം, വസ്ത്രം തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക ശേഷിയും അവരുടെ കുടുംബത്തില്‍ നിന്നുള്ള രക്ഷിതാവും ഉള്ളവരായത് കൊണ്ടു തന്നെ അത്തരം കുട്ടികളെ മാത്രം താമസിപ്പിച്ചു വിദ്യാഭ്യാസം നല്‍കുന്ന യതീംഖാനകള്‍ യാതൊരു കാരണവശാലും സമസ്ത ഈ വിഷയത്തില്‍ നടത്തുന്ന കേസില്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ജെ.ജെ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യരുത്. ഉത്തരവിന് ശേഷം ഉചിതമായ തീരുമാനമെടുക്കാം.
വിദ്യാഭ്യാസത്തിനും മറ്റും ഫീസ് അടക്കുന്നില്ല എന്നതൊഴിച്ചാല്‍ ധനികരുടെ മക്കള്‍ ഉന്നത കലാലയങ്ങളില്‍ താമസിച്ചു പഠിക്കുന്നതില്‍നിന്ന് യാതൊരു വ്യത്യാസവും നമ്മുടെ യതീംഖാനകളിലെ കുട്ടികള്‍ക്കില്ല എന്ന ബോധ്യം നമുക്കുണ്ടാകണം.
ജെ.ജെ ആക്ട് സംബന്ധിച്ചു ഗവണ്‍മെന്റുമായും മറ്റും യതീംഖാനകള്‍ നടത്തുന്ന എല്ലാ കത്തിടപാടുകളും നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ നടത്താവൂ. ജെ.ജെ ആക്ട് യതീംഖാനകള്‍ക്ക് ബാധമാക്കുന്നതിനെതിരേ 2017 ഡിസംബറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീംകോടതിയെ സമീപിക്കുകയും അതിനെ തുടര്‍ന്ന് മൂന്നു ഹിയറിങുകള്‍ നടക്കുകയുമുണ്ടായി.
പ്രസ്തുത കേസില്‍ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന എല്ലായിനം സ്ഥാപനങ്ങളില്‍ നിന്നും വ്യതിരിക്തമായി യതീംഖാനകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് 2018 ഫെബ്രുവരി 20ന് സുപ്രീംകോടതി ഉത്തരവിറക്കിയത് യതീംഖാന പ്രസ്ഥാനത്തിന് ലഭിച്ച വലിയ അംഗീകാരമാണ്.
ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത കേരളത്തിലെ യതീംഖാനകളുടെ വിശദ വിവരങ്ങള്‍ എത്രയും വേഗം സമര്‍പ്പിക്കാനും സുപ്രീംകോടതി സമസ്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലുള്ള സമസ്ത യതീംഖാന കോ-ഓഡിനേഷന്‍ കമ്മിറ്റി ജെ.ജെ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത യതീംഖാനകളുടെ വിശദവിവരങ്ങള്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ ഒരാഴ്ചക്കകം സമര്‍പ്പിക്കും.
സമസ്തക്ക് കീഴിലുള്ളതും അല്ലാത്തതുമായ നിരവധി യതീംഖാനകള്‍ അവരുടെ വിശദവിവരങ്ങള്‍ സമസ്ത ഓഫീസില്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."