രാസപ്രയോഗം: റഷ്യയെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി യൂറോപ് റഷ്യയിലേക്കുള്ള ഇ.യു അംബാസഡറെ തിരിച്ചുവിളിച്ചു
ബ്രസല്‍സ്: ബ്രിട്ടന്റെ മുന്‍ ഇരട്ടച്ചാരനു നേരെയുള്ള വധശ്രമത്തില്‍ പ്രതിഷേധിച്ച് റഷ്യക്കെതിരേ കൂടുതല്‍ പ്രതികാര നടപടിക്കു നീക്കവുമായി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നതടക്കം കടുത്ത നടപടികളിലേക്കു നീങ്ങാന്‍ ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ യോഗം തീരുമാനിച്ചു. അതിനിടെ, റഷ്യയിലുള്ള ഇ.യു അംബാസഡറെ തിരിച്ചുവിളിച്ചു.
മുന്‍ ബ്രിട്ടീഷ് ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കുമെതിരായ വധശ്രമത്തെ കഴിഞ്ഞ ദിവസം 28 അംഗ യൂറോപ്യന്‍ യൂനിയന്‍ ശക്തമായി അപലപിക്കുകയും സംഭവത്തില്‍ ബ്രിട്ടനു പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഓരോ അംഗരാജ്യങ്ങളും തുടര്‍നടപടികളുമായി മുന്നോട്ടുവരുമെന്ന് യോഗത്തില്‍ അധ്യക്ഷനായ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് അറിയിച്ചു.
ഫ്രാന്‍സും ജര്‍മനിയും റഷ്യക്കെതിരായ സത്വരനടപടികളിലേക്ക് ഉടന്‍ നീങ്ങുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. രാജ്യത്തെ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നതിനു പുറമെ വേറെയും തരത്തിലുള്ള പ്രതികാര നടപടികളിലേക്കു നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സംഭവം തങ്ങളുടെ കൂടി രാജ്യത്തിന്റെ സുരക്ഷയ്ക്കും യൂറോപ്യന്‍ യൂനിയന്റെ പരമാധികാരത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. എന്തു നടപടികളാണു കൈക്കൊള്ളേണ്ടതെന്ന കാര്യത്തില്‍ ഇ.യു ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ അറിയിച്ചു.
ചെക്ക് റിപബ്ലിക്ക്, ലിത്വാനിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളും ഇതേ നടപടി തന്നെ പിന്തുടര്‍ന്നേക്കുമെന്നാണു കരുതപ്പെടുന്നത്.
അതേസമയം, ഇത് ബ്രിട്ടന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ വിരുദ്ധ കാംപയിനാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും റഷ്യ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."