ഗോളില്‍ ആറാടി കേരളം കൊല്‍ക്കത്തയില്‍ നിന്ന്
അര ഡസന്‍ ഗോളിന് മണിപ്പൂരിനെ വീഴ്ത്തി 72ാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പില്‍ കേരളം സെമി ഫൈനലിലേക്കുള്ള ദൂരം കുറച്ചു. ഹൗറ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. വി.കെ അഫ്ദല്‍ (47), കെ.പി രാഹുല്‍ (59), ജിതിന്‍ ഗോപാലന്‍ (62, 84), എം.എസ് ജിതിന്‍ (71), എന്നിവര്‍ കേരളത്തിന് ഗോള്‍ സമ്മാനിച്ചപ്പോള്‍ മണിപ്പൂരിന്റെ മൂന്നാം നമ്പര്‍ താരം ചിങാഖാം റോഷന്‍ സിങിന്റെ വക സെല്‍ഫിലൂടെയായിരുന്നു 94ാം മിനുട്ടിലെ കേരളത്തിന്റെ ആറാം ഗോള്‍. വമ്പന്‍ ജയത്തോടെ കേരളം മരണ ഗ്രൂപ്പില്‍ സെമി സാധ്യത ശക്തമാക്കി. ഗോളുകള്‍ ഒഴിഞ്ഞുനിന്ന ആദ്യ പകുതിയില്‍ കളി വിരസമായിരുന്നു. ഏതാനും മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ഇരു ടീമുകളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ പകരക്കാരനായി കളത്തിറിങ്ങിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി താരം വി.കെ അഫ്ദല്‍ കേരളത്തിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. ആദ്യ പകുതിയിലെ കേരളത്തിന്റെ നിരാശപ്പെടുത്തിയ പ്രകടനത്തിന് കാരണമായി കോച്ച് സതീവന്‍ ബാലന്‍ ചൂട്ടിക്കാട്ടിയത് ഭക്ഷണമാണ്. ബംഗാളി ഭക്ഷണത്തോട് പൊരുത്തപ്പെടാന്‍ ഇനിയും കേരള താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധിയെല്ലാം മറികടന്ന് ടീമിനെ വിജയ വഴിയിലേക്ക് എത്തിക്കാന്‍ രണ്ടാം പകുതിയില്‍ സതീവന്‍ ബാലന് കഴിഞ്ഞു. രണ്ടാം പകുതിയില്‍ മണിപ്പൂരി പ്രതിരോധത്തെ തകര്‍ത്ത് വിങുകളിലൂടെ നടത്തിയ ആക്രമണങ്ങളാണ് കേരളത്തിന് വമ്പന്‍ വിജയം സമ്മാനിച്ചത്. നാളെ മഹാരാഷ്ട്രയെ തോല്‍പിച്ച് സെമി ഉറപ്പാക്കുക, പശ്ചിമ ബംഗാളിനെ സമനിലയില്‍ തളച്ച് ഗ്രൂപ്പില്‍ ഒന്നാമതാകുക എന്നതാണ് മുന്നിലുള്ള ലക്ഷ്യമെന്ന് സതീവന്‍ ബാലന്‍ പറഞ്ഞു. രണ്ട് കളികളില്‍ നിന്ന് 11 ഗോള്‍ നേടിയ കേരളം ഒരു ഗോളാണ് വാങ്ങിയത്. ഗോള്‍ ശരാശരിയുടെ ബലത്തില്‍ നിലവില്‍ കേരളമാണ് ഗ്രൂപ്പില്‍ ഒന്നാമത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്ര 2-1 ന് ചണ്ഡീഗഢിനെ തോല്‍പ്പിച്ചു. ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ്- മിസോറാമിനെയും കര്‍ണാടക- ഒഡിഷയെയും നേരിടും.
ഗോള്‍ @ അഫ്ദല്‍
47 ാം മിനുട്ടില്‍ സജിത് പൗലോസിനെ തിരികെ വിളിച്ച കോച്ച് സതീവന്‍ ബാലന്‍ വി.കെ അഫ്ദലിനെ കളത്തിലിറക്കി. കോച്ചിന്റെ തന്ത്രം പാളിയില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കേരളത്തെ മുന്നിലെത്തിച്ച് അഫ്ദല്‍ താരമായി. പി.സി അനുരാഗ് ഇടത് വിങില്‍ നിന്ന് നല്‍കിയ ക്രോസ് ഹെഡ്ഡറായി പിടിച്ചെടുത്ത് നിലത്തിട്ട അഫ്ദല്‍ മണിപ്പൂര്‍ ഗോളി ബൊംബൊം സിങിനെ നിഷ്പ്രഭനാക്കി നിറയൊഴിച്ചു.
തൊട്ടുമുന്‍പ് ഗോളാക്കാന്‍ ലഭിച്ച അവസരം മണിപ്പൂര്‍ പ്രതിരോധം നിഷ്പ്രഭമാക്കിയതോടെ ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. ഒരു ഗോളിന് മുന്നില്‍ എത്തിയതോടെ കേരളം മണിപ്പൂര്‍ ഗോള്‍ മുഖത്തേക്ക് തുടരെ തുടരെ ആക്രമണം ശക്തമാക്കി. ഇതിന്റെ ഫലവും കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഏഴ് കോര്‍ണറുകളാണ് കേരളം നേടിയത്.
രാഹുല്‍ വക രണ്ടാം ഗോള്‍
59 ാം മിനുട്ടില്‍ കെ.പി രാഹുലിന്റെ വകയായിരുന്നു കേരളത്തിന്റെ രണ്ടാം ഗോള്‍. അഫ്ദല്‍ നല്‍കിയ പാസ് സ്വീകരിച്ച രാഹുല്‍ മണിപ്പൂര്‍ ഗോളിയെ കബളിപ്പിച്ച് പന്ത് വലയില്‍ എത്തിച്ചു. രണ്ട് ഗോളിന് പിന്നിലായതോടെ താളം തെറ്റിയ മണിപ്പൂരി പട പിടിച്ചു നില്‍ക്കാന്‍ നന്നേ പാടുപ്പെട്ടു.
മണിപ്പൂരി പ്രതിരോധത്തെ കീറിമുറിച്ച് അഫ്ദലും ജിതിനും രാഹുലും ആക്രമണം ശക്തമാക്കി.
സൂപ്പര്‍ ജിതിന്‍ ഗോപാലന്‍
മണിപ്പൂരിനെ കീഴടക്കാനുള്ള കേരളത്തിന്റെ പടയോട്ടത്തില്‍ രണ്ട് ഗോളുകളായിരുന്നു പാലക്കാട്ടുക്കാരന്‍ ജിതിന്‍ ഗോപാലന്‍ സമ്മാനിച്ചത്. 62, 84 മിനുട്ടുകളിലായിരുന്നു ജിതിന്റെ കാലുകളില്‍ നിന്ന് മണിപ്പൂരി വലയിലേക്ക് പന്ത് തുളഞ്ഞിറങ്ങിയത്. കേരളത്തിന്റെ തുടര്‍ച്ചയായ ആക്രണത്തില്‍ ഗോളി ബൊംബൊം സിങ് പതറി. ജിതിന്‍മാരുടെ വകയായിരുന്നു കേരളത്തിന് ലഭിച്ച മൂന്നാം ഗോള്‍. വലത് വിങില്‍ നിന്ന് എം.എസ് ജിതിന്‍ നല്‍കിയ പാസ് സ്വീകരിച്ച ജിതിന്‍ ഗോപാലന്‍ മണിപ്പൂരി പ്രതിരോധത്തെയും ഗോളിയെയും കീഴടക്കി ഗോള്‍ നേടി. 84ാം മിനുട്ടില്‍ ശ്രീരാഗ് നല്‍കിയ പാസില്‍ നിന്നായിരുന്നു ജിതിന്‍ ഗോപാല്‍ കേരളത്തിന് അഞ്ചാമത്തെ ഗോള്‍ സമ്മാനിച്ചത്.
സോളോ റണ്ണില്‍ ജിതിന്‍
കേരളത്തിന്റെ നാലാമത്തെ ഗോള്‍ 71 ാം മിനുട്ടില്‍ എം.എസ് ജിതിന്റെ ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് പിറന്നത്. പിടിച്ചെടുത്ത പന്തുമായി ഇടത് വിങിലൂടെ മണിപ്പൂരി മധ്യ- പ്രതിരോധ നിരകളെ കബളിപ്പിച്ച് സോളോ റണ്‍ നടത്തിയ എം.എസ് ജിതിന്‍ ക്ലോസ് റേഞ്ചില്‍ തൊടുത്ത ഷോട്ട് ഗോളിയെയും കബളിപ്പിച്ച് വലയുടെ വലത് മൂലയിലേക്ക് പറന്നിറങ്ങി.
ആറാം ഗോള്‍ മണിപ്പൂരിന്റെ സമ്മാനം
ആദ്യ പകുതിയില്‍ പോരാട്ട വീര്യം പുറത്തെടുത്ത വടക്കുകിഴക്കന്‍മാര്‍ക്ക് കേരളം ഗോള്‍ വേട്ട തുടങ്ങിയതോടെ വീര്യം ചോര്‍ന്നു പോയി. കേരളം ആദ്യ ഗോള്‍ നേടിയതോടെ തന്നെ മണിപ്പൂരിന്റെ പ്രതിരോധവും മധ്യനിരയും ചിതറിത്തെറിച്ചിരുന്നു. തിരിച്ചടിക്കാന്‍ കഴിയാതെ ഉഴറിയ മണിപ്പൂരികള്‍ 65, 73 മിനുട്ടുകളിലാണ് കേരളത്തിന്റെ ഗോള്‍ മുഖത്തേക്ക് ആക്രമണത്തിന് തുനിഞ്ഞത്. അതാകട്ടെ കേരളത്തിന്റെ കോട്ടമതില്‍ തകര്‍ക്കാന്‍ പ്രപ്തമായിരുന്നില്ല. ലോങ് പാസുകളിലൂടെയായിരുന്നു മണിപ്പൂരിന്റെ ആക്രമണങ്ങളേറെയും. കേരള നായകന്‍ രാഹുല്‍ വി. രാജും ജി ശ്രീരാഗും വിബിന്‍ തോമസും ഉള്‍പ്പെട്ട പ്രതിരോധം അതെല്ലാം വിഫലമാക്കി. പന്ത് കൈവശംവച്ചു കളിക്കുന്നതില്‍ മധ്യനിരയും നന്നായി ശോഭിച്ചു.
തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാതെ മണിപ്പൂര്‍ നില്‍ക്കുന്നതിനിടെ കളി ഇഞ്ച്വറി സമയത്തേക്ക് കടന്നു. 94ാം മിനുട്ടിലായിരുന്നു മണിപ്പൂര്‍ ആറാം ഗോള്‍ കേരളത്തിന് സമ്മാനിച്ചത്. ഇടത് വിങില്‍ നിന്ന് രാഹുല്‍ നല്‍കിയ ക്രോസിന് ജിതിന്‍ ഗോപാലന്‍ കാല് വയ്ക്കും മുന്‍പേ മണിപ്പൂര്‍ പ്രതിരോധ താരം ചിങാഖാം റോഷന്‍ സിങ് സ്വന്തം വലയിലേക്ക് തട്ടിയിട്ടു.
ജിതിന് ഹാട്രിക് നഷ്ടമായത് ഒരു കാല്‍ അകലത്തില്‍
ജിതിന്‍ ഗോപാലന് ഹാട്രിക് നഷ്ടമായത് ഒരു കാല്‍ അകലത്തില്‍. മണിപ്പൂരിനെ ഗോള്‍ മഴയില്‍ മുക്കിയ പോരാട്ടത്തില്‍ കേരളത്തിന് രണ്ട് ഗോളുകള്‍ സമ്മാനിച്ച ജിതിന് മുന്നില്‍ സെല്‍ഫ് ഗോളുമായി മണിപ്പൂരി ഡിഫന്‍ഡര്‍ ചിങാഖാം റോഷന്‍ സിങ് പ്രതിരോധം തീര്‍ത്തു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി താരമായ ജിതിന്‍ ഗോപാലന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ബി.ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌കോളര്‍ഷിപ്പ് നേടിയാണ് ക്രൈസ്റ്റ് കോളജില്‍ എത്തിയത്. പാലക്കാട് മുട്ടിക്കുളങ്ങര ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് ജിതിന്‍ കാല്‍പന്ത് കളിയുടെ പുല്‍ത്തകിടിയിലേക്ക് എത്തുന്നത്. കേരളത്തിന്റെ വിശ്വസ്തനായ ഈ മധ്യനിരക്കാരന്‍ ഗോള്‍ വേട്ടയിലൂടെ തന്റെ പ്രതിഭ തെളിയിച്ചു. പാലക്കാട് ഒലവക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് താമസിക്കുന്നത്. പട്ടാളക്കാരനായിരുന്ന പരേതനായ ഗോപാലകൃഷ്ണന്റെയും ഓമനയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."