ദേശീയപാതാവികസനം: മലപ്പുറത്തെ ആരാധനാലയങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കൊച്ചി - മംഗലാപുരം ദേശീയപാത-66 ന്റെ വികസനം മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് മന്ത്രി ജി. സുധാകരന്‍ നിയമസഭയ്ക്ക് ഉറപ്പുനല്‍കി. പി.കെ അബ്ദുറബ്ബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കുറ്റിപ്പുറം മുതല്‍ ഇടിമൂഴിക്കല്‍ വരെ മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. ഇതില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടാണ് സര്‍ക്കാറിന്. ആരാധനാലയങ്ങളൊന്നും അലൈന്‍മെന്റില്‍ ഉള്‍പ്പെടുന്നില്ല. പരാതികളുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാറിന് കൈമാറും. 2013 ലെ നിയമം അനുസരിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
പുതിയ അലൈന്‍മെന്റ് പ്രകാരം നിരവധി വീടുകളും ആരാധനാലയങ്ങളം ഖബര്‍സ്ഥാനുകളും മതപഠനസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് പി.കെ അബ്ദുറബ്ബ് ചൂണ്ടിക്കാട്ടി. പദ്ധതിപ്രദേശം സന്ദര്‍ശിക്കാനോ നാശനഷ്ടങ്ങളും മറ്റും കണക്കാക്കാനോ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. പ്രദേശത്തെ ഒരാള്‍ പോലും റോഡ് വികസനത്തെ എതിര്‍ക്കുന്നില്ല. കക്കാട്, വെന്നിയൂര്‍, പാലച്ചിറമാട്, ചേലേമ്പ്ര, ചേളാരി തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ക്രമക്കേടുകള്‍ നടന്നതായി മനസിലാക്കാം. തിരൂരങ്ങാടി കക്കാട് പ്രദേശത്തെ വളവ് നിവര്‍ത്താന്‍ രൂപം നല്‍കിയ അലൈന്‍മെന്റിലൂടെ വീണ്ടും വലിയ വളവാണ് ഉണ്ടാകുന്നത്.
കക്കാട് ശ്രീപുരാന്തകക്ഷേത്രത്തിന്റെ 50 സെന്റ് ഭൂമിയും ജുമാമസ്ജിദ് ഖബര്‍സ്ഥാന്റെ ഗണ്യമായ ഭാഗവും മിഫ്താഹുല്‍ ഉലും മദ്‌റസ പൂര്‍ണമായും പൊളിച്ചുമാറ്റപ്പെടും. പള്ളിക്കും മദ്‌റസക്കും ഇടയില്‍ 20 വീടുകള്‍ പോകുമെന്നും അബ്ദുറബ്ബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."