പുഞ്ചക്കൃഷി; കുട്ടനാട്ടില്‍ നിന്നും സംഭരിച്ചത് 46.5കോടി രൂപയുടെ നെല്ല്
കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങിയതോടെ ഇത് വരെ 46.5കോടി രൂപയുടെ നെല്ല് സംഭരിച്ചതായി സപ്ലൈകോ അധികൃതര്‍.
എടത്വാ, പുളിങ്കുന്ന്, നീലംപേരൂര്‍, നെടുമുടി, പുന്നപ്ര എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലാണ് വിളവെടുപ്പ് പുരോഗമിക്കുന്നത്. വ്യാഴാഴ്ച വരെ 28,950 ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. 29 മില്ലുകാരാണ് കുട്ടനാട്ടില്‍ നിന്നും നെല്ലെടുക്കുന്നത്.
920 ലോഡ് നെല്ല് സംഭരിച്ചിട്ടുണ്ട്. നെല്ലില്‍ പതിരിന്റെ അളവ് കൂടുന്നതിനാല്‍ പലയിടത്തും നാലു മുതല്‍ എട്ടു കിലോഗ്രാം വരെ കിഴിവ് വാങ്ങിയാണ് മില്ലുകാര്‍ നെല്ലെടുക്കുന്നത്.
കൂടാതെ നെല്ലില്‍ ഈര്‍പ്പത്തിന്റെ അളവും കൂടുതലായാണ് കാണുന്നതെന്ന് പാഡി ഓഫീസര്‍മാര്‍ പറയുന്നു. പുന്നപ്ര വടക്ക് ഗരുഡാകരി, കരുവാറ്റ വെള്ളൂക്കരി, എടത്വാ കിളിയന്‍വേലി വടക്ക്, തെക്ക്, കിഴക്കേ ചെന്നമംഗലം എന്നിവിടങ്ങളില്‍ വിളവെടുപ്പാരംഭിച്ചിട്ടുണ്ട്.
പുളിങ്കുന്ന് ആയിരം ഏക്കര്‍ അയ്യനാട്, വടക്കെ ആറായിരം, തെക്കേ ആറായിരം, വടക്കെ മതികായല്‍, തെക്കേ മതികായല്‍, മഠത്തില്‍ക്കായല്‍ പൊക്കം, താഴ്ച, പുത്തന്‍പ്പുരക്കായല്‍, എടത്വാ ദേവസ്വം വരമ്പിനകം എന്നിവിടങ്ങളില്‍ സംഭരണം പുരോഗമിക്കുകയാണ്.
നീലംപേരൂര്‍ ചിങ്ങംകരി, ഐ ബ്ലോക്ക്, റാണി, ചിത്തിര, ചമ്പക്കുളം പെരുമാനിക്കരി വടക്കെ തൊള്ളായിരം എന്നിവിടങ്ങളിലെ സംഭരണം പൂര്‍ത്തിയായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിളവില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."