വയോജനങ്ങളുടെ ന്യൂറോളജി പ്രശ്‌നങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം: ഗവര്‍ണര്‍
തിരുവനന്തപുരം: ചലനത്തെ നിയന്ത്രിക്കുന്ന നാഢീപേശീ വ്യവസ്ഥകളെ ബാധിക്കുന്ന രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും പരിചരണവും സംബന്ധിച്ച് ന്യൂറോളജി വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ആരംഭിച്ചു.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ന്യൂറോളജി വിഭാഗമാണ് മൂന്നു ദിവസം നീളുന്ന 'സൂപ്പര്‍ ഇ.എം.ജി ഇന്ത്യ 2018' സമ്മേളനത്തിന്റെ സംഘാടകര്‍. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിച്ചു. ന്യൂറോളജി ശാസ്ത്ര ശാഖയും സാങ്കേതിക വിദ്യകളും നടത്തിയ കുതിപ്പുകള്‍ രോഗ നിര്‍ണയത്തിലും ചികിത്സയിലും അത്ഭുതാവഹമായ മാറ്റങ്ങളാണ് സാധ്യമാക്കിയിട്ടുള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
എഴുപതുകളിലെ പരിമിതമായ ചികിത്സാ സംവിധാനങ്ങളില്‍ നിന്ന് ലോകോത്തര ചികിത്സ രീതികള്‍ സ്വായത്തമാക്കിയ രാജ്യമായി ഇന്ത്യ വളര്‍ന്നു കഴിഞ്ഞു. ന്യൂറോളജി രംഗത്ത് തന്നെ ഇലക്ട്രോമയോഗ്രാഫി, ന്യൂറോ ഫിസിയോളജി മേഖലകളിലെ ഗവേഷണങ്ങള്‍ സ്തുത്യര്‍ഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പന്ത്രണ്ടു ശതമാനം ജനത അറുപതു വയസിനു മുകളിലാണെന്നിരിക്കെ വയോജനങ്ങള്‍ നേരിടുന്ന ന്യൂറോളജി പ്രശ്‌നങ്ങളിലേക്ക് അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്. പ്രായാധിക്യത്താലുണ്ടാകുന്ന അസുഖങ്ങളില്‍ ഭൂരിഭാഗവും നാഢീപേശി സംബന്ധമായവയാണ്.
ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് എന്നിവയും വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സംഭവിക്കാവുന്ന നാഢീപേശി പ്രശ്‌നങ്ങളും രോഗങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കേണ്ടത് പ്രതിരോധം, ചികിത്സ, ശരിയായ പരിചരണം എന്നിവക്ക് അത്യാവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ന്യൂറോളജി രംഗത്ത് ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്‌കാരം ബെംഗളൂരു നിംഹാന്‍സിന്റെ മുന്‍ ഡയരക്ടര്‍ വൈസ് ചാന്‍സലറും ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയറിലെ ന്യൂറോളജി പ്രൊഫസറുമായ ഡോ.എം ഗൗരി ദേവി ഗവണര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങി. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ഡയരക്ടര്‍ ഡോ. ആശാ കിഷോര്‍, ഡോ. എറിക് വി. സ്റ്റാള്‍ബെര്‍ഗ്, ഡോ. മുരളീധരന്‍ നായര്‍, ഡോ. എബ്രഹാം കുരുവിള, ഡോ. ജയകുമാര്‍ കെ, ഡോ. സഞ്ജീവ് പി. തോമസ്, ഡോ. ശ്രുതി എസ്.നായര്‍ ചടങ്ങില്‍ സംസാരിച്ചു.
നാഡീ, പേശി സംവിധാനങ്ങളുടെ തകരാറുകള്‍, അപചയം എന്നിവ കൃത്യമായി വിലയിരുത്തുന്നതിന് ഇലക്ട്രോമയോഗ്രാഫി (ഇ.എം.ജി) സാങ്കേതിക വിദ്യകള്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂറോളജി വിഭാഗം പ്രഫസറുമായ ഡോ. എബ്രാഹാം കുരുവിള പറഞ്ഞു.
വൈദ്യുതചാര്‍ജുകള്‍ ചാലക ന്യൂറോണുകളിലേക്ക് കടത്തിവിട്ട് ലഭിക്കുന്ന സിഗ്‌നലുകളില്‍ നിന്ന് നാഡീകളുടെയും അനുബന്ധ പേശികളുടെയും രോഗാവസ്ഥ വിലയിരുത്തുന്ന സംവിധാനമാണിത്. ഇലക്ട്രോമയോഗ്രാഫി രംഗത്തെ അത്യന്താധുനിക സാങ്കേതിക വിദ്യകളും രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സുപ്രധാന അറിവുകളും പങ്കിടുന്നതാണ് സമ്മേളനം.
സങ്കീര്‍ണ ഇ.എം.ജി സാങ്കേതിക വിദ്യകള്‍ വിശദീകരിക്കുന്ന ശില്‍പശാലകളും നാഡീപേശിരോഗങ്ങളുടെ ഇലക്ട്രോ ഫിസിയോളജി സംബന്ധിച്ച സുപ്രധാന സിംപോസിയവും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."