ലോക്‌സഭാ തെരഞ്ഞെടുപ്പ് എസ്.പിയുമായി സഖ്യമുണ്ടാക്കും: മായാവതി
ലഖ്‌നൗ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പ് ഒരുക്കത്തിന് അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. യു.പിയിലെ അംബേദ്കര്‍നഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നും അവര്‍ ഇന്നലെ ലഖ്‌നൗവില്‍ പ്രഖ്യാപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.എസ്.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. 2012, 2017 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.എസ്.പി കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ഏത് നിലക്കും ജയിക്കേണ്ടത് പാര്‍ട്ടിക്ക് അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് അവര്‍ തെരഞ്ഞെടുപ്പിന് മുന്‍കൂട്ടി ഒരുങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. 1998,1999, 2004 വര്‍ഷങ്ങളില്‍ മായാവതി പ്രതിനിധീകരിച്ച മണ്ഡലമാണ് അംബേദ്കര്‍നഗര്‍.
രാജ്യവ്യാപകമായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്ന് മായാവതി വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്റെ പേരില്‍ എസ്.പിയുമായി ഉണ്ടാക്കിയ സഖ്യത്തില്‍ ഒരുതരത്തിലുള്ള വിള്ളലും ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്നതാണ് ലക്ഷ്യമെന്നും മായാവതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."