ചോദ്യപേപ്പര്‍ ചോര്‍ച്ച: കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയിലെ ഫിസിക്സ് ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടും വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കെതിരേയും കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്മാത്യു പ്രവര്‍ത്തകരായ ജാനിബ്, രാഗിന് എന്നിവര്‍ക്ക് പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് എം.എല്‍.എ ഹോസ്റ്റലിന് മുന്നില്‍ നിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായി നിയമസഭയിലേക്ക് എത്തിയത്. യുദ്ധസ്മാരകത്തിന് സമീപം പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ എം. വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലിസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സുബിന്മാത്യുഉള്പ്പെടെയുള്ളവര്ക്ക് പരുക്കേറ്റു. പീരങ്കി പ്രയോഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരേ പൊലിസ് ജലപീരങ്കി പ്രയോഗിച്ചതായി ആരോപിച്ചായിരുന്നു ഉപരോധം. അല്പസമയത്തെ ഉപരോധത്തെ തുടര്‍ന്നു പൊലിസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ തുടങ്ങിയതോടെ ഉന്തും തള്ളും ഉണ്ടായി. കുറച്ചുപേരെ സ്ഥലത്ത് നിന്നും നീക്കം ചെയ്തു. ഇതിനിടയില്‍ പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപത്ത് നിന്ന് പൊലിസിന് നേരേ കല്ലേറുണ്ടായി. ഇവരെ പൊലിസ് ലാത്തി വീശി ഓടിച്ചു. ഇതിന് പിന്നാലെയും പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വീണ്ടും കൈയാങ്കളി നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."