അരക്കോടിയുടെ ഹാഷിഷുമായി രണ്ടുപേര്‍ അറസ്റ്റില്‍ കാഞ്ഞങ്ങാട്ട് പിടിയിലായത് ചാവക്കാട് സ്വദേശികള്‍
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന ഹാഷിഷുമായി രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് പുന്നയൂര്‍ സ്വദേശികളായ എ.വി അബ്ഷര്‍ (22), നദീം അബ്ദുല്‍കരീം (22) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ. ഐ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ 10 ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഇവര്‍ പിടിയിലായത്. പിടികൂടിയ ഹാഷിഷിന് അന്താരാഷ്ട്ര വിപണിയില്‍ മില്ലി ഗ്രാമിന് 3,000 രൂപവരെ വിലയുണ്ടെന്ന് പൊലിസ് പറഞ്ഞു. 300.550 ഗ്രാം ഹാഷിഷാണ് പ്രതികളില്‍ നിന്ന് പൊലിസ് കണ്ടെത്തിയത്.
കാഞ്ഞങ്ങാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി വില്‍പ്പന വ്യാപകമായതിനെത്തുടര്‍ന്ന് പൊലിസ് പരിശോധന നടത്തി വരുന്നതിനിടയിലാണ് ഹാഷിഷുമായി ഇവര്‍ പിടിയിലായത്. മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലിസ് പറയുന്നത്.
അതിനിടെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്ന ഹാഷിഷ് ആര്‍ക്കാണ് കൈമാറേണ്ടതെന്നു തങ്ങള്‍ക്കറിയില്ലെന്നാണ് അറസ്റ്റിലായവര്‍ പൊലിസിനു മൊഴി നല്‍കിയിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ടു പൊലിസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."