പന്ത് ചുരണ്ടല്‍ വിവാദം ആസ്‌ത്രേലിയ അന്വേഷിക്കും
കേപ് ടൗണ്‍: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പന്ത് ചുരണ്ടല്‍ വിവാദം (സാന്‍ഡ് പേപര്‍ ഗേറ്റ്) അന്വേഷിക്കാന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ബോര്‍ഡിലെ രണ്ട് മുതിര്‍ന്ന അംഗങ്ങളായ ഇയാന്‍ റോയ്, പാറ്റ് ഹോവാര്‍ഡ് എന്നിവര്‍ കേപ് ടൗണിലെത്തി. ഇരുവരും ചേര്‍ന്നാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്. ടീമിനെ നയിക്കുന്ന സംഘങ്ങളുടെ തീരുമാന പ്രകാരമാണ് പന്ത് ചുരണ്ടിയതെന്ന് നായകന്‍ സ്റ്റീവന്‍ സ്മിത്ത് വെളിപ്പെടുത്തിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ അങ്ങനെയൊരു സംഘം ടീമിലുണ്ടെങ്കില്‍ ആത് ആരെല്ലാമാണെന്നും ആരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ജെയിംസ് സതര്‍ലാന്‍ഡും ദക്ഷിണാഫ്രിക്കയില്‍ എത്തിയിട്ടുണ്ട്.
വിവാദ വിഷയത്തില്‍ ദക്ഷിണാഫ്രിക്ക യാതൊരുവിധത്തിലുള്ള അന്വേഷണത്തിനും നില്‍ക്കുന്നില്ലെന്ന് ടീം മാനേജര്‍ ഡോ. മഹമ്മദ് മുസാജേ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഐ.സി.സിക്കാണ് പൂര്‍ണ അധികാരമെന്ന നിലപാടിലാണ് അവര്‍.
അതിനിടെ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."