മൂന്നര പതിറ്റാണ്ടിന്റെ സേവനം; ത്രേസ്യാമ്മ ടീച്ചര്‍ നാളെ പടിയിറങ്ങും
കല്‍പ്പറ്റ: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി വടുവന്‍ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കായികാധ്യാപികയായി സേവനം ചെയ്തുവരുന്ന പി.ജി ത്രേസ്യാമ്മക്ക് നാളെ യാത്രയയപ്പ് നല്‍കുമെന്ന് പി.ടി.എ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പി.ടി ഉഷ ചടങ്ങില്‍ പങ്കെടുക്കും. പി.ടി ഉഷയുടെ സഹപാഠിയും സുഹൃത്തും കോച്ച് ഒ.എം നമ്പ്യാരുടെ ശിഷ്യയുമാണ് പി.ജി ത്രേസ്യാമ്മ. 1977ല്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥിനിയായ ത്രേസ്യാമ്മ 1979ല്‍ നാഗ്പൂരില്‍ നടന്ന നാഷനല്‍ സ്കൂള്‍ മീറ്റില്‍ 4*100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഉഷയുള്പ്പെട്ട ടീമിലെ അംഗമായിരുന്നു.
1978ല്‍ നാഷണല്‍ മീറ്റില്‍ ഡിസ്കസ് ത്രോയില്‍ ത്രേസ്യാമ്മ നേടിയ റെക്കോര്‍ഡ് 11 വര്‍ഷക്കാലം നിലനിന്നു. ഇവരുടെ ശിക്ഷണത്തില്‍ ഒട്ടേറെ ദേശീയ, സംസ്ഥാന കായിക താരങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. 34 വര്‍ഷക്കാലം ശാസ്ത്ര അധ്യാപകനായും സ്കൂളിന്റെ പ്രധാനാധ്യാപകനുമായി സേവനം ചെയ്ത ടി. ദിവാകരന്, 35 വര്‍ഷക്കാലം അധ്യാപക രംഗത്തുള്ള പ്രിന്‍സിപ്പല്‍ വി.എം ഹുസൈന് മാസ്റ്റര്‍ എന്നിവരും ഈ വര്‍ഷം വിരമിക്കും.
66ാം വാര്‍ഷികാഘോഷവും 28ന് നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. പി.ടി ഹരിദാസന്, കെ. രാജേഷ്, ആണ്ടൂര്‍ ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."