കുന്തിപ്പുഴയില്‍ ബസ് കയറി മരിച്ച സംഭവം: ചത്തീസ്ഘട്ട് ഉന്നത തല അന്വേഷണ സംഘം മണ്ണാര്‍ക്കാടെത്തി
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ ചത്തീസ്ഘട്ട് സ്വദേശികള്‍ അതിദാരുണമായി ബസ് കയറി മരിക്കാനിടയായ സംഭവത്തില്‍ ഉന്നത തല അന്വേഷണ സംഘം മണ്ണാര്‍ക്കാടെത്തി തെളിവെടുപ്പ് തുടങ്ങി. ചത്തീസ്ഘട്ട് സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ സംഘമെത്തിയത്.
ചത്തീസ്ഘട്ട് രാജ്‌നന്ദ്‌ഗോണിലെ കാന്‍കെര്‍ ജില്ലയിലെ ഹുര്‍ലെ വില്ലേജിലെ ഹര്‍വെയിലെ മാന്‍കുവിന്റെ മകന്‍ സുരേഷ് ഗാവ്‌ഡെ (15), പരാലി വില്ലേജിലെ ധനിറാമിന്റെ മകന്‍ ബെല്ലി ഷോറി (16) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മാര്‍ച്ച് 18ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.
അന്വേഷണ സംഘം അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. കേസ് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പൊലിസ് സ്റ്റേഷന്‍, പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ചത്തീസ്ഘട്ട് സ്വദേശിയായ രാജേഷിനെ സന്ദര്‍ശിച്ച് മൊഴിയെടുക്കുകയും ചെയ്തു.
ചത്തീസ്ഘട്ടിലെ കാന്‍കെര്‍ ജില്ലാ ലേബര്‍ ഓഫിസര്‍ മുകേഷ് ഗൗഡ, ജില്ലാ ശിശു സംരഷണ ഓഫിസര്‍ ലീന ലാറിയ, ടാന്‍കീര്‍ പൊലിസ് സര്‍ക്കിള്‍ ഓഫിസര്‍ ധര്‍മ റാം ടിര്‍ക്കി, ഹെഡ് കോണ്‍സ്റ്റബിള്‍ ദേവ് ലാല്‍ എന്നിവരുടെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് അന്വേഷണത്തിന്റെ ഭാഗമായി ഇവിടെ എത്തിയത്.
കൂടാതെ പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫിസര്‍ ആനന്ദന്‍, ലീഗല്‍ ഓഫിസര്‍ അഡ്വ. അപര്‍ണ്ണ നാരായണന്‍, കൗണ്‍സിലര്‍ റീത്ത, പ്രൊട്ടക്ഷന്‍ ഓഫിസര്‍ സുബീഷ്, സോഷ്യല്‍ വര്‍ക്കര്‍മാരായ അനീഷ്, മനീഷ, മണ്ണാര്‍ക്കാട് ട്രാഫിക് എസ്.ഐ യൂസഫ് സിദ്ദീഖ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
അപകടത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നയാള്‍ക്കും പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും, ഇവരുള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന കൂട്ടുകാരാണ് കേരളത്തിലേക്ക് വന്നിട്ടുളളതെന്നാണ് ചത്തീസ്ഘട്ട് നിന്നും വന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ശേഷിക്കുന്ന രണ്ട് പേരെ സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല.
അപകടത്തില്‍പ്പെട്ടവരെ കൊണ്ട് തൊഴിലെടുപ്പിച്ചത് നിയമ വിരുദ്ധവും, ബാലവേലയുമാണെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."