വണ്ടിക്കടവ്- ചാമപ്പാറ റോഡ് നിര്‍മാണത്തിന് വനംവകുപ്പിന്റെ അനുമതി
പുല്‍പ്പള്ളി: വണ്ടിക്കടവ് ചാമപ്പാറ റോഡ് നിര്‍മാണത്തിന് വനംവകുപ്പിന്റെ അനുമതി. വര്‍ഷങ്ങളായി വനംവകുപ്പിന്റെ തടസം മൂലം നിര്‍മാണ പ്രവൃത്തികള്‍ നിലച്ച തീരദേശറോഡായ വണ്ടിക്കടവ്, ചാമപ്പാറ, മാടപ്പള്ളിക്കുന്ന് റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനാണ് സൗത്ത് വയനാട് ഡിവിഷന്‍ ഓഫിസറുടെ ഉത്തരവ് പ്രകാരം അനുമതി ലഭിച്ചത്.
ചെതലയം റെയ്ഞ്ചിന് കീഴില്‍ വരുന്ന റോഡിന് മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫയേഴ്‌സ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശത്തിന്റെ പട്ടിക ഗോത്ര വര്‍ഗ പരമ്പരാഗത വനവാസി വനാവകാശനിയമം 2006 ലെ സെക്ഷന്‍ മൂന്ന് (രണ്ട്) അനുസരിച്ച് വികസന അവകാശങ്ങള്‍ക്ക് ഒരു ഹെക്ടര്‍ വരെ വനഭൂമി വിട്ടു നല്‍കുന്നതിന് ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് അധികാരം നല്‍കിയുള്ള വ്യവസ്ഥയിലാണ് വണ്ടിക്കടവ്- മാടപ്പള്ളിക്കുന്ന് കോളനിയിലേക്കുള്ള റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിന് മുള്ളന്‍കൊല്ലി പഞ്ചായത്ത് സെക്രട്ടറി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മ്മാണത്തിനായി വനംവകുപ്പ് അനുമതി നല്‍കിയത്.
നിര്‍മാണത്തില്‍ വനഭൂമിയുടെ സ്വഭാവികതക്ക് നാശനഷ്ടങ്ങളുണ്ടാവാന്‍ പാടില്ലെന്നും അനുവദിച്ചിട്ടുള്ള ആവശ്യത്തിനല്ലാതെ വനഭൂമി ഉപയോഗിക്കാന്‍ പാടില്ലെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് വനംവകുപ്പിന്റെ അനുമതി.
ഇതോടെ വര്‍ഷങ്ങളായി റോഡിന് വേണ്ടിയുള്ള ജനങ്ങളുടെ മുറവിളിക്കാണ് പരിഹാരമായത്. അനുമതി കിട്ടിയതോടെ ഈ മാസം തന്നെ പണി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."