കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌നവിഡിയോ വാട്‌സാപ്പില്‍ വനിത എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ: രാത്രിയില്‍ മദ്യപിച്ചു നഗരമധ്യത്തിലെ കടയിലെത്തി ബഹളമുണ്ടാക്കിയതിന് പൊലിസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌നവിഡിയോ പൊലിസുകാരില്‍ നിന്നും വാട്‌സാപ്പ് വഴി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആലപ്പുഴ വനിതാ ഹെല്‍പ്പ്‌ലൈന്‍ എ.എസ്.ഐ ആര്‍ ശ്രീലതയെ സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ 22ന് വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ബംഗളൂരു സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ ഇരുമ്പുപാലത്തിനു സമീപമുള്ള കടയിലെത്തി ബഹളമുണ്ടാക്കി.
ട്രാന്‍സ്‌ജെന്‍ഡര്‍ മദ്യ ലഹരിയിലാണെന്ന് വ്യക്തമായതോടെ കടക്കാരന്‍ വിവരമറിയിച്ചതനുസരിച്ച് വനിതാ പൊലിസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെത്തിച്ചു.
ഇതിനിടെ ഇവിടെവച്ച് വസ്ത്രം ഊരിക്കളഞ്ഞശേഷം അസഭ്യം പറയുന്നതും ചുരിദാര്‍ ഉയര്‍ത്തിക്കാട്ടുന്നതുമായ 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പൊലിസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ചിത്രീകരിച്ചിരുന്നു. ഇത് വാട്ട്‌സാപ്പില്‍ വ്യാപകമായി പ്രചരിച്ചതാണ് പൊലിസിനെ വെട്ടിലാക്കിയത്. സ്‌റ്റേഷനുള്ളില്‍ വച്ച് മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണു പൊലിസുകാര്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇത് വിവാദമായതോടെയാണ് വനിതാ എ.എസ്.ഐ ആര്‍ ശ്രീലതയെ ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എസ്.സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തത്. വിഡിയോ പ്രചരിപ്പിച്ച കൂടുതല്‍ പൊലിസുകാരെ കണ്ടെത്തുന്നതിനായി സൈബര്‍ സെല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."