എന്‍ഡോസള്‍ഫാന്‍ പട്ടിക: ചിലതില്‍ പുനഃപരിശോധന ആവശ്യമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ ദുരിതവുമായി ബന്ധപ്പെട്ട പരാതികളില്‍ ലഭിച്ച റിപ്പോര്‍ട്ടുകളിലധികവും ഒരേപോലെയുള്ളതാണെന്നും ചിലതില്‍ പുനഃപരിശോധന ആവശ്യമാണെന്നും മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി. മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിങില്‍ പരിഗണിച്ച പരാതികളില്‍ 62 എണ്ണവും എന്‍ഡോസള്‍ഫാന്‍ ദുരിതവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു.
ക്ഷീരകര്‍ഷകന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചില്ലെന്ന പരാതിയില്‍ മില്‍മയോട് വിശദീകരണം ചോദിച്ചു. ബന്ധുക്കള്‍ തന്നെ മാനസിക രോഗിയാക്കുവാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ജില്ലാ സാമൂഹിക നീതി ഓഫിസറിനോട് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
ട്രെയിന്‍ യാത്രയ്ക്കിടെ വടകര പൊലിസ് സ്റ്റേഷനിലെ എസ്.ഐ മര്‍ദിച്ചു കള്ളക്കേസ് എടുത്തുവെന്ന റിട്ട.സിവില്‍ സര്‍ജന്റെ പരാതിയില്‍ കോഴിക്കോട് റൂറല്‍ എസ്.പി നേരിട്ട് അന്വേഷിച്ചു കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പനത്തടി പഞ്ചായത്തില്‍ കുളത്തിന്റെ മറവില്‍ ക്വാറി നിര്‍മിക്കുന്നുവെന്ന പരാതിയില്‍ ആര്‍.ഡി.ഒ, ജിയോളജിസ്റ്റ്, പനത്തടി പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടു. കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തപ്പോള്‍ ഏഴു കുടുംബങ്ങളെ ഒഴിവാക്കിയെന്ന പരാതിയില്‍ കാസര്‍കോട് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസറോട് റിപ്പോര്‍ട്ട് തേടി. ചെമ്മനാട് പഞ്ചായത്തില്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ പൊതുശ്മശാനം നിര്‍മിക്കാന്‍ തീരുമാനം എടുത്തതായി പഞ്ചായത്ത് സെക്രട്ടറി മനുഷ്യാകാശ കമ്മിഷനെ അറിയിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജില്‍ കന്നഡ പോസ്റ്റ് ഗ്രാജേറ്റ്, ബിരുദ കോഴ്‌സുകള്‍ അനുവദിക്കേണ്ടതാണെന്ന് സര്‍ക്കാരിരോട് കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മിഷനെ അറിയിച്ചുണ്ട്.
ചെമ്മനാട് പഞ്ചായത്തില്‍ അരയ്ക്കു താഴെ തളര്‍ന്ന ഖദീജയ്ക്ക് സഞ്ചരിക്കുന്നതിന് ആവശ്യമായ വഴിയില്ലെന്ന പരാതിയില്‍ ഭൂമി അളന്നുതിട്ടപ്പെടുത്തി ഇവര്‍ക്ക് ആവശ്യമായ സഞ്ചാരപാതയൊരുക്കുവാന്‍ തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു. ഭൂമി അളക്കുവാന്‍ താലൂക്ക് സര്‍വേയര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍വേയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സെക്രട്ടി ബോധിപ്പിച്ചു. നിലവില്‍ ഖദീജ ഓവുചാലിന്റെ പാര്‍ശ്വഭിത്തിയെ ആശ്രയിച്ചാണ് വീട്ടില്‍ നിന്ന് റോഡിലേക്കും മറ്റുമെത്തുന്നത്. ഖദീജയുടെ ബുദ്ധിമുട്ട് പരിഗണിച്ച് സിറ്റിങിനു നേരിട്ട് പങ്കെടുക്കേണ്ടതില്ലെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നതായും കമ്മിഷന്‍ വ്യക്തമാക്കി.
സിറ്റിങില്‍ 98 പരാതികള്‍ പരിഗണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."