പന്തപ്രയിലെ 96 കുടുംബങ്ങള്‍ക്ക് 31ന് മുഖ്യമന്ത്രി പട്ടയം വിതരണം ചെയ്യും
കാക്കനാട്: കോതമംഗലം താലൂക്കിലെ പന്തപ്ര പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും 31ന് രാവിലെ 11 ന് നടക്കും. കുട്ടമ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സകൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയവിതരണ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കോളനി നിവാസികള്‍ക്കായുള്ള പാര്‍പ്പിട പദ്ധതിയുടെ പ്രഖ്യാപനം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ, നിയമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു വനാവകാശ രേഖ വിതരണം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി മുഖ്യപ്രഭാഷണം നടത്തും.
കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയിലെ പട്ടികവര്‍ഗ സാങ്കേതത്തില്‍ താമസിച്ചിരുന്ന 67 കുടുംബങ്ങള്‍ കാട്ടാനയുടെയും വനമൃഗങ്ങളുടെയും ശല്യം മൂലം പൂയംകുട്ടിപ്പുഴയുടെ തീരത്ത് കണ്ടന്‍പാറ എന്ന സ്ഥലത്ത് താമസമുറപ്പിച്ചു. ഇവരെ വനം വകുപ്പിന്റെ സഹകരണത്തോടെ പന്തപ്ര തേക്ക് പ്ലാന്റേഷനില്‍ താമസിപ്പിച്ചു.
ഇവരെ അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പന്തപ്ര കോളനിയിലെ 67 കുടുംബങ്ങള്‍ക്ക് രണ്ടേക്കര്‍ വീതം സ്ഥലം അനുവദിക്കുന്നതിന് വനാവകാശ രേഖ നല്‍കുന്നതോടൊപ്പം നഗരവാസികളുടേതിന് സമാനമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഭവന നിര്‍മ്മാണത്തിന് ഒരു കുടുംബത്തിന് 3.50 ലക്ഷം രൂപ നിരക്കില്‍ 350 സ്‌ക്വയര്‍ ഫീറ്റ് വീട് നിര്‍മ്മിക്കും. 2,34,50,000 രൂപയാണ് എസ്റ്റിമേറ്റ് തുക. വൈദ്യുതീകരണത്തിന് 42,68,500 രൂപയും കുടിവെള്ള പദ്ധതിക്ക് 48,00,000 രൂപ, മണ്ണ് റോഡ് നിര്‍മ്മാണം 37,50,000 രൂപ, സോളാര്‍ ഫെന്‍സിംഗ് 7,00,000 രൂപ, കമ്മ്യൂണിറ്റി ഹാള്‍ 10,00,000 രൂപ, കിണര്‍ നിര്‍മ്മിച്ച് കുടിവെള്ളം എത്തിക്കുന്നതിന് 15,00,000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.
ആനന്ദകുടി, വെളിയത്തുപറമ്പ്, പിണവൂര്‍കുടിമുക്ക് എന്നീ ഊരുകള്‍ ചേര്‍ന്ന പിണവൂര്‍ കുടിയിലാണ് കുട്ടമ്പുഴയില്‍ ഏറ്റവുമധികം പട്ടികവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്നത്. ജില്ല സമിതി പാസാക്കിയ അപേക്ഷകളില്‍ പിണവൂര്‍കുടി വനാവകാശ സമിതിയില്‍ ഉള്‍പ്പെട്ട 27 കൈവശാവകാശ രേഖകളാണ് ഇപ്പോള്‍ വിതരണത്തിന് തയാറായിട്ടുള്ളത്. കൂടാതെ ജില്ലയിലെ അര്‍ഹരായ 250 പേര്‍ക്ക് കൂടി വിവിധ പട്ടയങ്ങള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."