വിദ്യാര്‍ഥികളെ ആക്രമിച്ച മൂന്നു പേര്‍ക്കെതിരേ കേസെടുത്തു
പുതുനഗരം: മീങ്കര ഡാമിലെത്തിയ സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയെയും പെണ്‍സുഹൃത്തിനെയുമാണ് മൂന്നംഗ സാമൂഹ്യ വിരുദ്ധര്‍ ക്രൂരമായി മര്‍ദിക്കുകയും മൊബൈലും പണവും പിടിച്ചെടുത്തത്.
തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ മീങ്കര ഡാമിലെ വടക്കുഭാഗത്തെ റെയില്‍വേ ലൈനിനു സമീപത്തെ ഡാമിനകത്തെ പുല്‍തകിടിയിലായിരുന്നു സംഭവം. പുല്‍തകിടിയില്‍ സംസാരിച്ചിരിക്കുകയായിരുന്നവരെ മൂന്ന് ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രകോപനമില്ലാതെ മര്‍ദിക്കുകയിരുന്നു.
പ്രതികളില്‍ രണ്ടാള്‍ ഹെഡ് ലൈറ്റ് (കള്ള് ചെത്ത് ജോലി ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന ലൈറ്റ് ) ഉപയോഗിച്ചിരുന്നതായി പൊലിസ് പറഞ്ഞു. തെങ്ങ് ചെത്തുകാര്‍ ഉപയോഗിക്കുന്ന മരത്തില്‍ നിര്‍മിച്ച ഉരുളന്‍ വടി കൊണ്ടാണ് ഇരുവരെയും മര്‍ദിച്ചത്. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സംഘം പിന്‍തുടര്‍ന്നു. മീങ്കര പേപ്പര്‍മില്ലിനു സമീപത്തെ ഒരു വീട്ടില്‍ ഇവര്‍ ഓടി കയറിയതോടെ പിന്‍തുടര്‍ന്നവര്‍ പിന്‍തിരിഞ്ഞു ഓടിയൊളിക്കുകയായിരുന്നു. മര്‍ദനമേറ്റവര്‍ ഓടി രക്ഷപ്പെട്ട വീട്ടുകാര്‍ കൊല്ലങ്കോട് പൊലിസില്‍ വിവരമറിയിച്ചു. സാരമായി പരുക്കേറ്റ ബ്രിജിത്തിനെ (22) പൊലിസ് കൊല്ലങ്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രിജിത്തിന്റ പരാതിയെ തുടര്‍ന്ന് കൊല്ലങ്കോട് പൊലിസ് കേസെടുത്തു. മലപ്പുറം പൊലിസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റ ഐ.പി.എസ്, പാലക്കാട് ഡിവൈ.എസ്.പി ജി.ഡി വിജയകുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം സെയ്തലവി, സി.ഐമാരായ കെ.എ എലിസബത്ത്, എം. സന്തോഷ് കുമാര്‍, കെ.പി ബെന്നി സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഒരു മലയാളിയും രണ്ട് തമിഴ് സംസാരിക്കുന്നവരുമാണ് പ്രതികളെന്നും പൊലിസ് പറഞ്ഞു.
മീങ്കര,ചുള്ളിയാര്‍ ഡാം പ്രദേശങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും പൊലിസ് പരിശോധന ഇല്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."