ഇരുചക്രവാഹന ഹാന്‍ഡിലിന്റെ ഉയരം ക്രമീകരിക്കാം
കൊച്ചി: ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും ഹാന്‍ഡിലിന്റെ ഉയരം ഓടിക്കുന്നയാള്‍ക്ക് അനുയോജ്യമായി ഇനി മുതല്‍ ക്രമീകരിക്കാം. യുവ എന്‍ജിനീയറായ തൃക്കാക്കര സ്വദേശി ഇ.കെ ഹിസാമാണ് ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള പുതിയ സംവിധാനം വികസിപ്പിച്ചത്. ഹീറോ ഹോണ്ടയുടെ ആദ്യ മോഡലായ സി.ഡി 100 ബൈക്കിലാണ് ഹിസാം തന്റെ കണ്ടുപിടിത്തം പരീക്ഷിച്ചത്.
നിലവിലുണ്ടായിരുന്ന ഹാന്‍ഡില്‍ ബാറിനു പകരം എം.എസ് റോഡുകളും പൈപ്പുകളും മോട്ടറുമായും ഗിയറുമായും പ്രത്യേക ശ്രേണിയില്‍ ക്രമീകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ശാരീരിക സവിശേഷതകള്‍ക്ക് അനുയോജ്യമായ തരത്തില്‍ വാഹനത്തിന്റെ നിയന്ത്രണം ക്രമീകരിക്കാന്‍ കഴിയുന്നതു കാരണം യാതൊരു അസ്വസ്ഥതകളും ഓടിക്കുന്നയാള്‍ക്ക് ഉണ്ടാകില്ലെന്ന് ഹിസാം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ഒരു സ്വിച്ചിലൂടെ ഇതു നിയന്ത്രിക്കാം. മനുഷ്യനും യന്ത്രവും തമ്മിലുള്ള വിനിമയങ്ങളെ കൂടുതല്‍ സൗഹൃദമാക്കുകയെന്ന സാങ്കേതികത്വമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
5,000 രൂപയാണ് ഇതിനായി ചെലവ് വരിക. വര്‍ക്‌ഷോപ്പ് ഉടമയായ പിതാവ് കുഞ്ഞുമുഹമ്മദില്‍ നിന്നാണ് ഇത്തരമൊരു സംവിധാനം രൂപപ്പെടുത്താന്‍ പ്രചോദനം ലഭിച്ചതെന്ന് ഹിസാം പറഞ്ഞു. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയ ഹിസാം കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. തന്റെ കണ്ടുപിടിത്തം പൂനൈയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്‍പാകെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹിസാം. പേറ്റന്റ് നേടാനുള്ള ശ്രമവും ഇതോടൊപ്പം ആരംഭിച്ചതായും ഹിസാം വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."