ബസിലെ നില്‍പ്പ് യാത്ര വിലക്കി; ജില്ലയില്‍ ബാധകമാകുക 86 കെ.എസ്.ആര്.ടി.സി ബസുകളില്‍
തൊടുപുഴ: സൂപ്പര്‍ ഫാസ്റ്റില്‍ നിന്നു യാത്ര ചെയ്യരുതെന്ന ഹൈക്കോടതി വിധി ബാധകമാകുക ഇടുക്കി ജില്ലയിലെ 86 കെ.എസ്.ആര്.ടി.സി ബസുകളില്‍.
ഏറ്റവുമധികം അതിവേഗ ബസുകള്‍ സര്‍വീസ് നടത്തുന്ന തൊടുപുഴ, കട്ടപ്പന ഡിപ്പോകളിലാണ് ഈ തീരുമാനം യാത്രക്കാരെ കൂടുതലായി ബാധിക്കുക. ഈ രണ്ടു ഡിപ്പോകളില്‍ നിന്നുമായി എട്ടു സൂപ്പര്‍ ഫാസ്റ്റുകളും 32 ഫാസ്റ്റ് പാസഞ്ചറുകളും സര്‍വീസ് നടത്തുന്നു. ശരാശരി 35,000 രൂപ വരെയാണ് ഈ സര്‍വീസുകളില്‍ നിന്നു തൊടുപുഴ ഡിപ്പോയ്ക്കു ലഭിക്കുന്ന വരുമാനം. യാത്രക്കാരുടെ എണ്ണം കുറയുമെന്നതിനാല്‍, പുതിയ തീരുമാനം നടപ്പിലാക്കുന്നതു കെഎസ്ആര്‍ടിസിക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നു ഡിടിഒ പറഞ്ഞു.
കുമളി ഡിപ്പോയാണ് അതിവേഗ സര്‍വീസുകളിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നത്. കുമളിയില്‍ നിന്നുള്ള ഒന്‍പതു ഫാസ്റ്റ് പാസഞ്ചറുകളുടെ സര്‍വീസില്‍ നിന്നു മാത്രമായി ദിവസേന ശരാശരി 1,90,000 രൂപയാണു വരുമാനം. കട്ടപ്പന ഡിപ്പോയില്‍ ശരാശരി 45,000 രൂപയാണ് അതിവേഗ സര്‍വീസുകളില്‍ നിന്നുള്ള വരുമാനം. നെടുങ്കണ്ടം ഡിപ്പോയില്‍ സാധാരണ ദിവസങ്ങളില്‍ ശരാശരി 25,000 രൂപയും അവധി ഉത്സവ സീസണുകളില്‍ 45,000 രൂപ വരെയും വരുമാനം ലഭിക്കാറുണ്ട്.
ജില്ലയില്‍ എക്സ്പ്രസ് ബസുകള്‍ സര്‍വീസ് നടത്തുന്ന ഏക ഡിപ്പോയും നെടുങ്കണ്ടമാണ്. സൂപ്പര്‍ ഫാസ്റ്റുകളില്‍ 51, ഫാസ്റ്റ് പാസഞ്ചറുകളില്‍ 53 എന്നിങ്ങനെയാണു സീറ്റുകളുടെ എണ്ണം. മിക്ക സര്‍വീസുകളിലും നിന്നു യാത്ര ചെയ്യുന്നവരുള്‍പ്പെടെ ഒരേസമയം 70 പേരെയെങ്കിലും അധികം കയറ്റാവുന്നതാണ്. എന്നാല്‍, ഹൈക്കോടതി തീരുമാനം നടപ്പിലാക്കിയാല്‍ ഇവര്‍ക്കു ബസില്‍ പ്രവേശനം നിഷേധിക്കപ്പെടുകയും വരുമാനം നേര്‍പകുതിയായെങ്കിലും കുറയുകയും ചെയ്യുമെന്നു കണ്ടക്ടര്‍മാരും പറയുന്നു.
എല്ലാ സര്‍വീസുകളില്‍ നിന്നുമായി മൂന്നാര്‍ ഡിപ്പോയ്ക്കു നാലര ലക്ഷം രൂപയാണു ദിവസേനയുള്ള വരുമാനം. പരമാവധി യാത്രക്കാരെ കയറ്റി വരുമാനം ടാര്‍ഗറ്റായ ആറു ലക്ഷത്തിലെത്തിക്കാന്‍ പാടുപെടുമ്പോഴാണ് ഉള്ള യാത്രക്കാരെക്കൂടി ഇറക്കിവിടുന്ന തരത്തില്‍ ഉത്തരവുണ്ടാകുന്നതെന്ന് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."