കൈയൂക്കിന്റെ ബലംപിടുത്തം
ഗോളടിക്കാനുള്ള ശ്രമങ്ങള്‍ തകര്‍ന്നതോടെ മിസോറം താരങ്ങള്‍ കൈയൂക്കുമായി രംഗത്തിറങ്ങി. തലങ്ങും വിലങ്ങും കേരള താരങ്ങളെ ആക്രമിച്ചു. ഇതിനിടെ 24ാം മിനുട്ടില്‍ കേരളത്തിന്റെ പ്രത്യാക്രമണം. പന്ത് കിട്ടിയ പി.സി അനുരാഗ് ഇടത് വിങിലൂടെ കുതിച്ചു.
ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ഗോള്‍ മുഖത്തേക്ക് കയറാനുള്ള അനുരാഗിന്റെ ശ്രമത്തെ മിസോറം ഡിഫന്‍ഡര്‍ ടാക്ലിങിലൂടെ തടയിട്ടു. ചുവടു തെറ്റി വീണു പോയ അനുരാഗിന് ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാനായില്ല. 30, 31 മിനുട്ടുകളില്‍ ഗോള്‍ എന്നുറപ്പിച്ച നീക്കം മിസോറം നടത്തിയെങ്കിലും കേരള പ്രതിരോധത്തിന്റെ മിടുക്കില്‍ എല്ലാം വിഫലം.
എട്ട് താരങ്ങളുമായി കേരളത്തിന്റെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ കയറിയായിരുന്നു വടക്കുകിഴക്കന്‍മാരുടെ മിന്നലാക്രമണം. കേരളം ഒരുക്കിയ പ്രതിരോധത്തെയും ഗോളി മിഥുനിനെയും കീഴടക്കാന്‍ മിസോറമിനായില്ല. 39ാം മിനുട്ടില്‍ കെ.പി രാഹുല്‍ നല്‍കിയ ക്രോസ് പി.സി അനുരാഗ് പുറത്തേക്ക് അടിച്ചു കളഞ്ഞു. ഇതിനിടെ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കേരളത്തിനും ലക്ഷ്യം കാണാനായില്ല.
45ാം മിനുട്ടില്‍ കടുത്ത ടാക്ലിങിന് വിധേയനായി മുന്നേറ്റ താരം സജിത് പൗലോസിന് പരുക്കേറ്റു. ആദ്യ പകുതിയുടെ അധിക സമയത്ത് സജിതിന് പകരക്കാരനായി വി.കെ അഫ്ദലിനെ പരിശീലകന്‍ സതീവന്‍ ബാലന്‍ നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."