പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു
തൊടുപുഴ: പീഡാനുഭവ സ്മരണ ഉണര്‍ത്തി ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ രാവിലെ പീഡാനുഭവ ചരിത്ര വായന, പരിഹാര പ്രദക്ഷിണം, കുരിശിന്റെ വഴി പ്രാര്‍ഥന, കയ്പ്പുനീര്‍ കുടിക്കല്‍, പീഡാനുഭവ സന്ദേശം തുടങ്ങിയ ചടങ്ങുകള്‍ നടന്നു. യേശുവിനെ യൂദാസ് ഒറ്റിക്കൊടുക്കുന്ന സംഭവം മുതല്‍ ഗാഗുല്‍ത്തായില്‍ കുരിശുമരണം വരിച്ചതുവരെയുള്ള സംഭവങ്ങളാണ് ദുഃഖവെള്ളി ആചരണത്തില്‍ പീഡാനുഭവ വായനയിലൂടെ അനുസ്മരിച്ചത്.
യേശുവിന്റെ പീഡാനുഭവ സ്മരണ അനുസ്മരിച്ചു പള്ളികളില്‍ പീഡാനുഭവ സന്ദേശം നല്‍കി. മലയാറ്റൂര്‍, തുമ്പച്ചി, വാഗമണ്‍ കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് കുരിശിന്റെ വഴി പ്രാര്‍ഥന ചൊല്ലി പരിഹാര പ്രദക്ഷിണമായി ആയിരക്കണക്കിന് വിശ്വാസികള്‍ എത്തി. പള്ളികളില്‍നിന്നു സമീപ പ്രദേശങ്ങളിലുള്ള കുരിശുമലകളിലേക്കും കുരിശടികളിലേക്കും പരിഹാര പ്രദക്ഷിണവും കുരിശിന്റെ വഴിയും നടത്തി.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനാ പള്ളി, മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി, ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളി, കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി, കാളിയാര്‍ സെന്റ് റീത്താസ് പള്ളി, മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനാ പള്ളി, മാറിക സെന്റ് ജോസഫ്‌സ് ഫൊറോനാ പള്ളി, കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളി, തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളി, കലയന്താനി സെന്റ് മേരീസ് പള്ളി, തലയനാട് ലൂര്‍ദ് മാതാ പള്ളി, അഞ്ചിരി സെന്റ് മാര്‍ട്ടിന്‍സ് പള്ളി, നാഗപ്പുഴ സെന്റ് മേരീസ് പള്ളി, നെടിയശാല സെന്റ് മേരീസ് പള്ളി, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളി എന്നിവിടങ്ങളിലെല്ലാം പരിഹാര പ്രദക്ഷിണം നടന്നു.
എല്ലായിടത്തും വിശ്വാസികളുടെ വന്‍ സാന്നിധ്യമുണ്ടായിരുന്നു. ദുഃഖശനിയുടെ ഭാഗമായി ഇന്ന് പള്ളികളില്‍ പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, പുത്തന്‍ തിരി തെളിക്കല്‍, മാമോദീസ വ്രതനവീകരണം ചടങ്ങുകള്‍ നടക്കും. നാളെയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. പുലര്‍ച്ചെ മൂന്നിനാണ് ഈസ്റ്ററിന്റെ കര്‍മങ്ങള്‍ ആരംഭിക്കുന്നത്. അന്നാണ് 50 ദിവസം നീണ്ട ക്രൈസ്തവരുടെ വലിയ നോമ്പിന്റെ സമാപനവും നടക്കുക.
യേശുക്രിസ്തു അന്‍പതു ദിവസം ഉപവസിച്ചു പ്രാര്‍ഥിച്ചതിന്റെ അനുസ്മരണമാണ് വലിയ നോമ്പിലൂടെ വിശ്വാസികള്‍ പിന്തുടരുന്നത്. 50 ദിവസത്തോളം ഇഷ്ടഭക്ഷണങ്ങള്‍ വര്‍ജിച്ചും പുണ്യപ്രവൃത്തികളിലൂടെയും പ്രായശ്ചിത്ത പ്രവര്‍ത്തനങ്ങളിലൂടെയും നേടിയ പുണ്യവുമായാണ് ക്രൈസ്തവര്‍ ഈസ്റ്ററിനായി ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."