ഇലക്ട്രിക് പോസ്റ്റില്‍ കയറിയ യുവാവ് ഷോക്കേറ്റു തെറിച്ചുവീണു
എടച്ചേരി: ലൈനിലെ പ്രശ്‌നം പരിഹരിക്കാനായി ഇലക്ട്രിക് പോസ്റ്റില്‍ കയറിയ യുവാവ് ഷോക്കേറ്റു തെറിച്ചു വീണു. കാര്‍ത്തികപ്പള്ളി കുറിഞ്ഞാലിയോട് മുയിപ്ര സ്വദേശിയായ പുത്തലത്ത് നിഖിലാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ വൈകിട്ടാണ് സംഭവം. കളിയാംവെള്ളി പൊലിസ് സ്റ്റേഷനു സമീപം വടകര- കുറ്റ്യാടി റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് യുവാവ് കയറിയത്. ഇന്നലെ കാലത്ത് മുതല്‍ എടച്ചേരിയിലെ ഇലക്ട്രിക് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. ലൈനിലെ കണ്ടക്റ്റര്‍ മാറ്റി സ്ഥാപിക്കാന്‍ വടകരയിലെ ഒരു ലേബര്‍ സൊസൈറ്റി കരാര്‍ എടുത്തതായിരുന്നു. ഈ സൊസൈറ്റിയിലെ താത്കാലിക ജോലിക്കാരനാണ് നിഖില്‍. ഇയാളും മറ്റു ജോലിക്കാരും ചേര്‍ന്ന് ലൈനിലെ ജോലികള്‍ രണ്ട് മണിയോടെ പൂര്‍ത്തിയാക്കി എടച്ചേരി കെ.എസ്. ഇ ബി ഓഫിസില്‍ വിവരമറിയിക്കുകയായിരുന്നു.നേരത്തെ വിച്ഛേദിച്ച കണക്ഷന്‍ അധികൃതര്‍ ഇതോടെ പുനസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ തിരിച്ചു പോകും വഴി കളിയാം വെള്ളി ട്രാന്‍സ്‌ഫോര്‍മറിന് സമീപമുള്ള പോസ്റ്റില്‍ സ്പാര്‍ക്ക് കണ്ടതിനെ തുടര്‍ന്ന് വീണ്ടും കയറുകയായിരുന്നു. അതിന് മുമ്പായി ജീവനക്കാരിലൊരാള്‍ ട്രാന്‍സ്‌ഫോര്‍മറിലെ ആറു ഫ്യൂസുകളില്‍ 3 എണ്ണം മാത്രം ഊരി വച്ചിരുന്നു.എന്നാല്‍ യുവാവ് കയറിയ പോസ്റ്റിലെ ഫ്യൂസ് ഊരിയിരുന്നില്ല.
ഇതറിയാതെയാണ് നിഖില്‍ പോസ്റ്റില്‍ കയറി ജോലി തുടങ്ങിയത്. ഷോക്കേറ്റയുടനെ നിഖില്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് താഴെയുള്ളവര്‍ കാണുന്നത്.ഉടന്‍ തന്നെ ബാക്കി ഫ്യൂസുകളും ഊരിയതിനെ തുടര്‍ന്ന് യുവാവ് ലൈനില്‍ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് എടച്ചേരി പൊലിസ് സ്റ്റേഷനിലെ പൊലിസുകാരടക്കമുള്ള നാട്ടുകാര്‍ ഓടിയെത്തി യുവാവിനെ തൊട്ടടുത്ത ഓര്‍ക്കാട്ടേരി സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതിനിടെ ട്രോമ കെയര്‍ പരിശീലനം നേടിയ എടച്ചേരി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രകാശന്‍ യുവാവിന് പ്രഥമ ശുശ്രൂഷയും നല്‍കി. എസ്.ഐ പ്രദീപ് കുമാര്‍, ഡ്രൈവര്‍ വിംസി, പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. പൊലിസുകാരുടെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."