ന്യൂജെന്‍ ലഹരിമരുന്നുകളുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
കൊച്ചി: കൊക്കൈയിന്‍ ഉള്‍പ്പെടെയുള്ള ന്യൂജെന്‍ മയക്കുമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേര്‍ കൊച്ചി സിറ്റി ഷാഡോ പൊലിസിന്റെ പിടിയിലായി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാല്‍ (32), എറണാകുളം പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ (24), തലശ്ശേരി സ്വദേശി ചിഞ്ചു മാത്യു (24) എന്നിവരാണ് പിടിയിലായത്. ബിലാലും ഗ്രീഷ്മയും താമസിക്കുന്ന ചിലവനൂര്‍ ബണ്ട് റോഡിലുള്ള വാടക വീട്ടില്‍ നിന്നും കൊക്കൈയിന്‍, രണ്ട് ഗ്രാം വീതമുള്ള നിരവധി പാക്കറ്റ് എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, എക്റ്റസി പില്‍സ്, ന്യൂജെന്‍ കെമിക്കല്‍ ഡ്രഗുകള്‍, നിരവധി പാക്കറ്റ് ഹാഷിഷ്, കഞ്ചാവ് തുടങ്ങിയവയും കണ്ടെടുത്തു. കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് ചിഞ്ചു മാത്യുവിനെ പിടികൂടിയത്.
ദമ്പതികള്‍ എന്ന രീതിയില്‍ ചിലവനൂരില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന ബിലാലിനും ഗ്രീഷ്മയ്ക്കും ഗോവയിലെ അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലിസ് പറഞ്ഞു.
സിനിമാ സീരിയല്‍ രംഗത്തെ ആവശ്യക്കാര്‍ക്കായിരുന്നു ഇവര്‍ പ്രധാനമായും ലഹരി വസ്തുകള്‍ വിതരണം ചെയ്തിരുന്നത്. നഗരത്തിലെ ചില പ്രമുഖ റസ്റ്ററന്റുകളുടേയും റെഡിമെയ്ഡ് ഷോപ്പുകളുടേയും ഉടമകള്‍ ഇവരുടെ സ്ഥിരം കസ്റ്റമേഴ്‌സ് ആണെന്ന് പൊലിസ് പറഞ്ഞു. ലഹരി വസ്തുക്കളുടെ വില്‍പന കൂടാതെ ഉപയോഗത്തിനുള്ള സൗകര്യവും ഇവരുടെ താമസസ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു. ഇവരുമായി ബന്ധമുള്ള സിനിമാ സീരിയല്‍ രംഗത്തുള്ളവരെയും പൊലിസ് നിരീക്ഷിക്കുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ ഗോവയില്‍ നിന്ന് ശേഖരിക്കുന്ന ലഹരി വസ്തുകള്‍ വിമാന മാര്‍ഗം ആയിരുന്നു ഇവര്‍ കൊച്ചിയിലെത്തിച്ചിരുന്നത്. ഇവര്‍ക്ക് കഞ്ചാവും ഹാഷിഷും എത്തിച്ച് നല്‍കിയിരുന്നത് ചിഞ്ചു മാത്യു ആയിരുന്നു, കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് പിടിയിലാകുന്ന സമയം അര കിലോയിലധികം കഞ്ചാവ് ചിഞ്ചു മാത്യുവിന്റെ പക്കല്‍ ഉണ്ടായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് രണ്ട് കിലോ കഞ്ചാവുമായി ഇയാളെ ഷാഡോ സംഘം പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം നഗരത്തില്‍ ഹാഷിഷും കഞ്ചാവുമെത്തിക്കുന്നത് തുടരുകയായിരുന്നുവെന്നും പൊലിസ് പറയുന്നു.
ലഹരിമരുന്ന് മാഫിയയ്‌ക്കെതിരേ സിറ്റിപൊലിസ് കമ്മിഷണര്‍ എം.പി ദിനേശിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ ഡസ്റ്ററിന്റെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഷാഡോ എസ്.ഐ ഫൈസല്‍, മരട് അഡീഷനല്‍ എസ്.ഐ ശേഖരപിള്ള, തൃക്കാക്കര എസ്.ഐ ഷാജു, സി.പി.ഒ മാരായ അഫ്‌സല്‍, വിനോദ്, ജയരാജ്, സന്ദീപ്, സനോജ്, പ്രശാന്ത്, ഷൈമോന്‍, സുനില്‍, രഞ്ജിത്ത്, ശ്യാം എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കുടുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."