ദുബൈ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍: മെട്ടമ്മല്‍ ബ്രദേഴ്‌സിലെ നാലു യുവ താരങ്ങള്‍ ബൂട്ടണിയും
തൃക്കരിപ്പൂര്‍: ദുബൈയില്‍ നടക്കുന്ന സൂപ്പര്‍ കപ്പ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മെട്ടമ്മല്‍ ബ്രദേഴ്‌സ് മെട്ടമ്മല്‍ ഫുട്‌ബോള്‍ അക്കാദമിയിലെ യുവതാരങ്ങള്‍ കടല്‍കടന്നു. മുന്‍നിര ടൂര്‍ണമെന്റില്‍ ഒന്നായ സൂപ്പര്‍ കപ്പില്‍ നാലു ഉപഭൂഖണ്ഡങ്ങളില്‍ നിന്നായി ഇരുപതില്‍പ്പരം രാജ്യങ്ങളിലെ അക്കാദമികള്‍ പങ്കെടുക്കുന്നുണ്ട്. ദുബൈയിലെ പ്രശസ്ത ഫുട്‌ബോള്‍ അക്കാദമിയായ സി.എഫ്.എഫ്.എ താരങ്ങള്‍ക്കൊപ്പമാണ് മെട്ടമ്മല്‍ ഫുട്‌ബോള്‍ അക്കാദമിയിലെ ഭാവിതാരങ്ങളും ബൂട്ട് അണിയുന്നത്.
തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ അബ്ദുല്‍ഖാദര്‍, പയ്യന്നൂര്‍ കോറോത്തെ യദുകൃഷ്ണ, തൃക്കരിപ്പൂര്‍ ഒളവറയിലെ മുബീന്‍ അഹമ്മദ്, തൃക്കരിപ്പൂര്‍ ചെവ്വേരി ഷബീര്‍ അബുള്‍ മുനീര്‍ എന്നിവരാണ് സൂപ്പര്‍ കപ്പ് അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി ദുബൈയിലേക്ക് പുറപ്പെട്ടത്. ഏപ്രില്‍ മൂന്നു മുതല്‍ ആറുവരെയാണ് മത്സരങ്ങള്‍. ദുബൈക്ക് പുറമെ സ്പയിന്‍, ചൈന എന്നിവിടങ്ങളില്‍ നടക്കാന്‍ പോകുന്ന ടൂര്‍ണമെന്റുകളിലും എം.ബി.എം അക്കാദമിയിലെ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ ഉണ്ട്.
ഏപ്രില്‍ 15 മുതല്‍ ഇറ്റലിയിലെ പ്രശസ്ത ഗ്രാസ്‌റൂട്ട് ലെവല്‍ ഫുട്‌ബോള്‍ പരിശീലകന്‍ ലാറ്റോ ഫാര്‍മയും മെയ് ഒന്നു മുതല്‍ മുന്‍ നൈജീരിയന്‍ ഇന്റര്‍നാഷണലും മോഹന്‍ ബഗാന്‍ താരവുമായിരുന്ന പീറ്റര്‍ ഒഡാഫയും എം.ബി.എം ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നല്‍കാനെത്തുന്നുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കി മികച്ച ഭാവി താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഡയരക്ടര്‍ ഓപ്പറേഷന്‍സ് കെ നൗഫലിന്റെ നേതൃത്വത്തില്‍ എം.ബി.എം ഫുട്‌ബോള്‍ അക്കാദമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."