ഓഖി ദുരന്തത്തിന് ശേഷം വിഴിഞ്ഞം തീരം വറുതിയുടെ പിടിയില്‍
കോവളം: ഓഖി ദുരന്തത്തിന് ശേഷം വിഴിഞ്ഞം തീരം വറുതിയുടെ പിടിയില്‍. മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതാണ് തീരത്തേയും മത്സ്യതൊഴിലാളികളേയും പട്ടിണിയിലേക്ക് തള്ളിവിടുന്നത്. മത്സ്യബന്ധന സീസണ്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ മത്സ്യത്തിന്റെ ലഭ്യതാ കുറവ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോകുന്നവര്‍ മടങ്ങുന്നത് ഒഴിഞ്ഞ വള്ളങ്ങളുമായാണ്. കടം വാങ്ങിയും പലിശക്കെടുത്തും മണ്ണെണ്ണയും ഡീസലുമൊക്കെ വാങ്ങി പ്രതീക്ഷയോടെ കടലിലിറങ്ങിയിട്ടും കടലമ്മ കനിയാതായതോടെ തൊഴിലാളികള്‍ കടലില്‍ വള്ളമിറക്കാന്‍ തന്നെ മടിക്കുകയാണ്. കടലിലിറങ്ങിയാല്‍ അന്നത്തിനു വക ലഭിക്കുന്നില്ലെന്ന് മാത്രമല്ല ഔട്ട്‌ബോഡ് എഞ്ചിനുകള്‍ക്കുള്ള ഇന്ധനത്തിനുള്ള ചെലവ് പോലും നടക്കുന്നില്ലെന്നതാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഈ സമയത്ത് തീരത്ത് സുലഭമായി ലഭിക്കേണ്ട ചെറുതും വലുതുമായ മീനുകളെ കണികാണാന്‍ പോലും ലഭിക്കുന്നില്ല. പകരം ചിലര്‍ക്ക് ഇടക്കാലത്ത് പതിവിന് വിപരീതമായി കുറച്ച് സ്രാവുകള്‍ ലഭിച്ചിരുന്നു. ഇതൊഴിച്ചാല്‍ കടുത്ത വറുതിയാണ് വിഴിഞ്ഞത്ത് അനുഭവപ്പെടുന്നത്. രാത്രി കാലങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന വള്ളങ്ങള്‍ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്.
ലൈറ്റുപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കപ്പെട്ടതാണെങ്കിലും ഇത്തരത്തിലുള്ള മത്സ്യബന്ധനം വിഴിഞ്ഞം കടലില്‍ വ്യാപകമായി നടക്കുന്നുണ്ട്. മത്സ്യ ബന്ധനം നടത്തുന്ന വലകളില്‍ വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകള്‍ ഉപയോഗിച്ച് ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ പിടികുടുന്ന രീതിയാണ്. ഇത് കാരണം തീരത്ത് നിന്നും നിശ്ചിത ദൂരം മാത്രം കടലില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യ തൊഴിലാളികള്‍ക്കും മത്സ്യം തീരെ കിട്ടാത്ത സാഹചര്യമാണ്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റോ, തീരദേശ പൊലിസോ നടപടി സ്വീകരിക്കാത്തത് മത്സ്യതൊഴിലാളികളില്‍ അമര്‍ഷമുളവാക്കിയിട്ടുണ്ട്.
ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും കടലിന്റെ സന്തുലിതാവസ്ഥയിലുണ്ടായ മാറ്റവും കടല്‍ മലീനീകരണം വര്‍ധിച്ചതും അശാസ്ത്രീയമായ മീന്‍പിടുത്തവുമൊക്കെ മത്സ്യസമ്പത്ത് കുറയാന്‍ കാരണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. വിഴിഞ്ഞത്തെ മത്സ്യ ബന്ധന സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പു തന്നെ പ്രതീക്ഷയോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം വിഴിഞ്ഞത്തെത്തിയ മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്.
സ്ത്രീകളടക്കമുള്ള ചെറുകിട കച്ചവടക്കാരും പട്ടിണിയുടെ പിടിയിലാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നതടക്കം മീനിന്റെ അമിത വില കാരണം പലരും താല്‍കാലികമായി കച്ചവടം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ എത്തിയ പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവയേ തുടര്‍ന്ന് പലരും കടലില്‍ വള്ളമിറക്കാത്തതോടെ മീനുകള്‍ക്ക് വില മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. എങ്കിലും മറ്റൊരു തൊഴിലും അറിയാത്ത മത്സ്യതൊഴിലാളികളും സ്ത്രീകളടക്കമുള്ള ചെറുകിട കച്ചവടക്കാരും കടലമ്മ തങ്ങളെ കൈവിടില്ലെന്ന വിശ്വാസത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."