ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ രോഗിയെ ആശ്വസിപ്പിച്ച് മന്ത്രി
തിരുവനന്തപുരം: അപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ അഞ്ചല്‍ ഇളവറാംകുഴി സ്വദേശി വാസുവിന്റെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ.
വാസുവിന്റെ തുടര്‍ ചികിത്സ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് തെങ്ങില്‍ നിന്ന് വീണ് പരുക്കേറ്റതിനേ തുടര്‍ന്നുള്ള അര്‍ഹമായ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വാസുവിന്റെ മകന്റെ വീട്ടിലെത്തിയാണ് ആരോഗ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
വാസുവിന് ഭാര്യയും ഒരു മകനുമാണുള്ളത്. മകള്‍ നേരത്തെ മരിച്ചിരുന്നു. മരിച്ച മകളുടെ മകന്‍ ഉണ്ണി തുടര്‍ന്ന് പഠിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി. വാസുവിന്റെ സംരക്ഷണയിലാണ് ഉണ്ണിയുള്ളത്. കുടുംബം പുലര്‍ത്താന്‍ മറ്റ് നിര്‍വാഹമില്ലാതെ തെങ്ങുകയറ്റ തൊഴിലാളിയായ വാസു വാര്‍ദ്ധക്യാവസ്ഥയിലും തെങ്ങുകയറ്റം തുടര്‍ന്നു. തെങ്ങില്‍ നിന്നും വീണ് അപകടം പറ്റിയാണ് മെഡിക്കല്‍ കോളജില്‍ വാസു ചികിത്സയ്‌ക്കെത്തിയത്. അപ്പോഴാണ് മെഡിക്കല്‍ കോളജിലെ നേഴ്‌സിങ് അസിസ്റ്റന്റ് കൈപിടിച്ച് തിരിച്ചത്.
വെള്ളിയാഴ്ചയാണ് വാസുവിനെ ഡിസ്ചാര്‍ജ് ചെയ്തത്. കൊച്ചുമകന്‍ ഉണ്ണിയുടെ തുടര്‍പഠനം സാമൂഹ്യ നീതിവകുപ്പ് ഏറ്റെടുക്കുമെന്നറിയിച്ചു. അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി. ബിനുവിന്റെ ഭാര്യാപിതാവിനും ചികിത്സ ലഭ്യമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളുടെ മുഖഛായ മാറ്റാനായി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. മെഡിക്കല്‍ കോളജില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമായ മാറ്റം ഉണ്ടാകുന്ന സമയത്താണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. ഇത്തരം പ്രവണതകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."