പന്തപ്ര, പിണവൂര്‍കുടി കോളനി നിവാസികളുടെ 11 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം
കോതമംഗലം : താലൂക്കിലെ പന്തപ്ര, പിണവൂര്‍കുടി ആദിവാസി കോളനിയിലെ 94 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖ സ്വന്തമാകുന്നതോടെ 11 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. കോതമംഗലം താലൂക്കില്‍ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനു കീഴില്‍ എട്ടോളം ട്രൈബല്‍ സെറ്റില്‍മെന്റുകളാണുള്ളത്. ഇതില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ 939 ഏക്കര്‍ വന വിസ്തൃതിയുള്ള വാരിയം കോളനിയിലെ പട്ടികവര്‍ഗ സാങ്കേതത്തില്‍ താമസിച്ചിരുന്ന 67 കുടുംബങ്ങള്‍ കാട്ടാനയുടെയും വനമൃഗങ്ങളുടെയും ശല്യം മൂലം പൂയംകുട്ടിപ്പുഴയുടെ തീരത്ത് കണ്ടന്‍പാറ എന്ന സ്ഥലത്ത് താമസമുറപ്പിക്കുകയായിരുന്നു.
2012 ല്‍ ഇവരെ വനം വകുപ്പിന്റെ സഹകരണത്തോടെ പന്തപ്ര തേക്ക് പ്ലാന്റേഷനില്‍ താമസിപ്പിച്ചു. ഇവരെ പുനരധിവസിപ്പിക്കുന്നതിന് കേന്ദ്ര വന സംരക്ഷണ നിയമം ഉപയോഗിക്കാനാണ് നേരത്തേ 2013 14ല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് 2016 ല്‍ ഇവരുടെ പുനരധിവാസം വനാവകാശ നിയമത്തിനു കീഴില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. അതോടെയാണ് പന്തപ്രയിലെ 67കുടുംബങ്ങള്‍ക്ക് വനാവകാശ രേഖ നിയമാനുസൃതം നല്‍കുന്നതിന് നടപടി പൂര്‍ത്തിയായത്.
ഇവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പന്തപ്ര കോളനിയിലെ 67 കുടുംബങ്ങള്‍ക്ക് രണ്ടേക്കര്‍ വീതം സ്ഥലം അനുവദിക്കുന്നതിന് വനാവകാശ രേഖ നല്‍കുന്നതോടൊപ്പം നഗരവാസികളുടേതിന് സമാനമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ഭവന നിര്‍മാണത്തിന് ഒരു കുടുംബത്തിന് 3.50 ലക്ഷം രൂപ നിരക്കില്‍ 350 സ്‌ക്വയര്‍ ഫീറ്റ് വീട് നിര്‍മിക്കും. 2,34,50,000 രൂപയാണ് എസ്റ്റിമേറ്റ് തുക. വൈദ്യുതീകരണത്തിന് 42,68,500 രൂപയും കുടിവെള്ള പദ്ധതിക്ക് 48,00,000 രൂപ, മണ്ണ് റോഡ് നിര്‍മാണം 37,50,000 രൂപ, സോളാര്‍ ഫെന്‍സിങ് 7,00,000 രൂപ, കമ്മ്യൂണിറ്റി ഹാള്‍ 10,00,000 രൂപ, കിണര്‍ നിര്‍മിച്ച് കുടിവെള്ളം എത്തിക്കുന്നതിന് 15,00,000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."