ജനിതകശാസ്ത്രത്തില്‍ പുത്തന്‍ കണ്ടെത്തലുകളുമായി യുവ ശാസ്ത്രജ്ഞന്‍
സ്വന്തം ലേഖകന്‍
ശാസ്താംകോട്ട: ജനിതക ശാസ്ത്രത്തില്‍ പുത്തന്‍ കണ്ടത്തലുകളുമായി യുവ ശാസ്ത്രജ്ഞന്‍ ശ്രദ്ധേയമാവുന്നു. പൂംബീജ വിത്തു കോശത്തിലൂടെയുള്ള ജീന്‍കൈമാറ്റ രീതിയിലൂടെ ലോകത്തില്‍ തന്നെ ആദ്യമായി ജനിതകമാറ്റം വരുത്തിയ കന്നുകാലി വര്‍ഗത്തെ സൃഷ്ടിച്ചതിനാണ് മൈനാഗപ്പള്ളി സ്വദേശിയായ യുവശാസ്ത്രജ്ഞന് ചരിത്രനേട്ടം തേടിയെത്തിയത്. ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ചില്‍ നടത്തിയ ഗവേഷണത്തിനാണ് മൈനാഗപ്പള്ളി സ്വദേശി ഡോ. പ്രമോദ് കുമാറിനെ തേടി അംഗീകാരമെത്തിയത്.
ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. അഭിജിത് മിത്രയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം വിത്തുകോശങ്ങളിലെ പുംബീജങ്ങളില്‍ ജനിതകമാറ്റം വരുത്തി ആടിനെ ചെലവു കുറഞ്ഞ രീതിയില്‍ സൃഷ്ടിച്ച കണ്ടെത്തലിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഇങ്ങനെ സൃഷ്ടിക്കുന്ന മൃഗങ്ങളുടെ പാലില്‍ നിന്നോ മൂത്രത്തില്‍ നിന്നുമൊക്കെ മനുഷ്യ ചികില്‍സയ്ക്ക് ആവശ്യമായ പദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കാമെന്നതാണ് ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ളത്.
മനുഷ്യരുടെ പ്രമേഹചികില്‍സയിലടക്കം വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ ഇതുവഴി കഴിയുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. മുന്‍പ് ഇതേ പരീക്ഷണം ജനിതക മാറ്റം വരുത്തിയ എലികളില്‍ സൃഷ്ടിച്ചിരുന്നു. മൈനാഗപ്പള്ളി ചെറുകരയയ്യത്തു വീട്ടില്‍ രവീന്ദ്രന്‍പിള്ളയുടേയും അജിതകുമാരിയുടേയും മകനായ ഡോ. പ്രമോദ് കുമാര്‍ മൈനാഗപ്പള്ളി മിലാദെ ഷെറീഫ് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത് തുടര്‍ന്ന് മണ്ണുത്തി വെറ്ററിനറി കോളജില്‍ നിന്ന് ബിരുദവും, ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷയില്‍ ഇന്ത്യയില്‍ അഞ്ചാം റാങ്ക് നേടിയിരുന്നു. ആനിമല്‍ ജനറ്റിക്‌സ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രമോദ് സൗത്ത് കൊറിയയിലെ സോള്‍ നാഷണല്‍ യൂനിവേഴ്‌സിറ്റിയിലാണ് ഗവേഷണവും പൂര്‍ത്തീകരിച്ചു. ബ്രെയിന്‍ കൊറിയ സ്‌കോളര്‍ഷിപ്പ്, ഏറ്റവും നല്ല റിസര്‍ച്ച് തിസീസിനുള്ള ഡോ.എസ് എസ് പ്രഭു അവാര്‍ഡ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിഷ്, സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, എന്നിങ്ങനെ നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. വെറ്ററിനറി ഡോക്ടര്‍ അഞ്ജു ഭാര്യയും സാരംഗി മകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."