പ്രണയത്തെച്ചൊല്ലി തര്‍ക്കം; യുവാവിനും കൗമാരക്കാരനും പരിക്ക്
പീരുമേട്: പ്രണയ ബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനും കൗമാരക്കാരനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
തലയ്ക്ക് പരിക്കേറ്റ കൗമാരക്കാരന് പെരിയാര്‍ സാമുഹിക ആരോഗ്യ കേന്ദ്രത്തിലും ചികില്‍സ തേടി. വണ്ടിപ്പെരിയാര്‍ അമ്പത്തി ഒമ്പതാം മൈല്‍ ചുരക്കുളം പുതുവയല്‍ താമസിക്കുന്ന അനീഷി (30)നെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആറു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വ്യക്തി വൈരാഗ്യത്തില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണു സൂചന. അനീഷിന്റെ അയല്‍വാസിയായ കൗമാരക്കാരന് ഇയാളുടെ സഹോദരിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം അനീഷിന്റെ വീട്ടുകാര്‍ എതിര്‍ക്കുകയും വിഷയം പറഞ്ഞു തീര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ ചൊല്ലി വീട്ടുകാര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനുശേഷം വൈകുന്നേരങ്ങളില്‍ അനീഷ് മദ്യപിച്ച് എത്തുകയും കൗമാരക്കാരനെ അസഭ്യം പറയുകയും ചെയ്തിരുന്നത് പതിവായിരുന്നു.
എന്നാല്‍ സംഭവം നടന്ന ദിവസം മദ്യപിച്ചെത്തിയ അനീഷും കൗമാരക്കാരനും തമ്മില്‍ തര്‍ക്കം ഉണ്ടാവും ഇരുവരും തമ്മിലുണ്ടായ അടിപിടിയിലാണ് ഇരുവര്‍ക്കും പരിക്കേറ്റത് .ഇതിനെ തുടര്‍ന്ന് അനീഷിന്റെ കുടുംബാംഗങ്ങള്‍ കൗമാരക്കരന്റെ വീട്ടിലെ ജനാലയും മറ്റ് സാമഗ്രികളും അടിച്ചുതകര്‍ത്തുവെന്നാണ് ഇവരുടെ കുടുംബവും ആരോപിക്കുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."