സുക്കര്‍ബര്‍ഗ് യു.എസ് പ്രതിനിധിസഭ കമ്മിറ്റിയില്‍ ഹാജരാവും
വാഷിങ്ടണ്‍: വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് യു.എസ് പ്രതിനിധി സഭാകമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാവും. നേരത്തെ കമ്മിറ്റി ആവശ്യപ്പെട്ട ഏപ്രില്‍ 11ന് തന്നെ അദ്ദേഹം മൊഴിനല്‍കാനെത്തുമെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കുണ്ടായിരിക്കുന്ന സംശയങ്ങള്‍ നീക്കാനുള്ള അവസരം കൂടിയാണിത്. മൊഴിനല്‍കാന്‍ സന്നദ്ധനായ സുക്കര്‍ബര്‍ഗിനെ അഭിനന്ദിക്കുകയാണ്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ ഉത്തരങ്ങള്‍ അദ്ദേഹം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഗ്രേഗ് വാല്‍ഡന്‍ പറഞ്ഞു.
നേരത്തെ തനിക്ക് പകരം പ്രതിനിധിയെ അയക്കുമെന്നായിരുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നത്. ചോര്‍ച്ച വിവാദം ശക്തമായതോടെയാണ് സുക്കര്‍ബര്‍ഗിന്റെ നിലപാട് മാറ്റം.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാനായി അഞ്ച്‌കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനിക്ക് വിറ്റതായി ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം അനലിറ്റിക്ക കമ്പനിയുടെ റിസര്‍ച്ച് ഡയരക്ടര്‍ ക്രിസ്റ്റഫര്‍ വൈലി വെളിപ്പെടുത്തിയതോടെയാണ് വിവാദമായത്.
അതിന്നിടെ യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന ആരോപണ വിധേയമായ റഷ്യയുടെ ഉടമസ്ഥതയിലുള്ള 132 ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അധികൃതര്‍ നീക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."