വനിതാ കമ്മിഷന്‍ കോഴിക്കോട് റീജ്യനല്‍ ഓഫിസ് രണ്ടു മാസത്തിനകം
കല്‍പ്പറ്റ: സംസ്ഥാന വനിതാ കമ്മിഷന്റെ കോഴിക്കോട് റീജ്യനല്‍ ഓഫിസ് രണ്ടു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവര്‍ക്ക് റീജ്യനല്‍ ഓഫിസ് ഉപകാരപ്രദമാകും. ഓഫിസിന്റെ സ്ഥലം സംബന്ധിച്ച് കോഴിക്കോട് ജില്ലാ കലക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തും. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും റീജ്യനല്‍ ഓഫിസുകള്‍ ആരംഭിക്കുമെന്നും വനിതാ കമ്മിഷന്‍ മെഗാ അദാലത്തിനായി വയനാട് എത്തിയ അധ്യക്ഷ പറഞ്ഞു.
ഏപ്രില്‍ 30, മെയ് നാലുവരെ വയനാട്ടിലെ ആദിവാസി സ്ത്രീകള്‍ക്കായി അഞ്ചിടങ്ങളില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കും. ആദിവാസി ഭൂരിപക്ഷ പഞ്ചായത്തുകളായ മീനങ്ങാടി, നൂല്‍പ്പുഴ, തിരുനെല്ലി, പനമരം, പൂതാടി എന്നിവിടങ്ങളിലാണ് സെമിനാറുകള്‍ നടക്കുക. അവിവാഹിതരായ അമ്മമാര്‍ക്ക് വനിതാ കമ്മിഷന്‍ നിയമസഹായം നല്‍കും. ആവശ്യമെങ്കില്‍ ഡി.എന്‍.എ പരിശോധനയ്ക്കുള്ള സഹായവും ലഭ്യമാക്കും. അടുത്ത വനിതാദിനത്തിനു മുന്‍പ് സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിവിധ പദ്ധതികള്‍ നടപ്പാക്കും. സംസ്ഥാനത്തെ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു പ്രത്യേക പഠനസംഘത്തെ നിയോഗിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."