ഭൂമി പ്രശ്‌നം; ഭൂപതിവു വിഭാഗവും സര്‍വേ വകുപ്പും യോജിച്ചു പ്രവര്‍ത്തിക്കുന്നില്ല
തൊടുപുഴ: പട്ടയ അപേക്ഷകളുടെ തീര്‍പ്പാക്കല്‍ നടപടികളില്‍ ഭൂപതിവു വിഭാഗവും സര്‍വേ വകുപ്പും യോജിച്ചു പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി.
ഇരുവകുപ്പുകളും തമ്മിലുള്ള ആശയവിനിമയക്കുറവും യോജിച്ചുള്ള പരിശോധനയുടെ കുറവും ഒട്ടേറെ പട്ടയ അപേക്ഷകളുടെ തീര്‍പ്പാക്കല്‍ നടപടികള്‍ മന്ദഗതിയിലാകാന്‍ കാരണമാക്കിയതായി കര്‍ഷകര്‍ ആരോപിക്കുന്നു. രാജാക്കാട്, മുരിക്കാശേരി തുടങ്ങിയ എല്‍എ ഓഫിസുകളില്‍ പട്ടയത്തിനു സമര്‍പ്പിച്ച ഒട്ടേറെ അപേക്ഷകള്‍ സര്‍വേ നടപടികളിലെ പിശകു മൂലം പരിഹരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് അധികൃതര്‍ പറഞ്ഞു. സര്‍വേ വിഭാഗം നല്‍കുന്ന ഫീല്‍ഡുതല റിപ്പോര്‍ട്ടില്‍ പുനഃപരിശോധന നടത്താന്‍ ഭൂപതിവു വിഭാഗത്തിനു കഴിയാത്തതാണ് ഇതിനു കാരണം.സര്‍വേ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അന്തിമമായെടുത്തു പട്ടയ അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്ന നിലവിലുളള രീതിയാണു കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നത്.
പട്ടയ അപേക്ഷകള്‍ നിരസിക്കപ്പെട്ട കര്‍ഷകര്‍ ഉന്നത സര്‍വേ ഓഫിസുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടയ അപേക്ഷകളുടെ പുനഃപരിശോധന ആവശ്യപ്പെട്ട് ഭൂപതിവ്, സര്‍വേ വിഭാഗങ്ങള്‍ക്കു പരാതി സമര്‍പ്പിച്ചെന്നും ഇക്കാര്യത്തിലെ സര്‍വേ വകുപ്പിന്റെ ആദ്യ നിഗമനങ്ങളില്‍ നിന്നു പിന്മാറാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. പട്ടയം നല്‍കാന്‍ കഴിയാത്ത മേഖലയെന്നു സര്‍വേ വകുപ്പ് വിലയിരുത്തിയിട്ടുള്ള ചില സര്‍വേ നമ്പറുകളില്‍ പട്ടയം നല്‍കുകയും മറ്റു ചിലര്‍ക്കു പട്ടയം നിഷേധിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫിസുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളതായി കലക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
സര്‍വേ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും ഇതു സംബന്ധിച്ച പരാതികള്‍ ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭൂപതിവ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."