വാഹന ഉരസല്‍ കേസ്: ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
ചേര്‍ത്തല: വാഹനം ഉരസിയ തര്‍ക്കത്തില്‍ മര്‍ദനത്തിനിരയായ ഡോക്ടറുടെ മൊഴി പൊലിസ് വീണ്ടും രേഖപ്പെടുത്തി. മാന്നാര്‍ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ടും കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സാബു സുഗതനെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ചേര്‍ത്തല പൊലിസ് വീണ്ടും മൊഴിയെടുത്തത്.
ദേശീയപാതയില്‍ ചേര്‍ത്തല പ്രൊവിഡന്‍സ് കവലയ്ക്ക് സമീപം കഴിഞ്ഞ ഞായര്‍ രാത്രിയാണ് ഡോക്ടര്‍ക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. കേസില്‍ രണ്ട് സി.പി.ഐ നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയനായ ഡോക്ടര്‍ക്ക് ആന്തരീകക്ഷതമുണ്ടെന്നാണ് പറയുന്നത്.
കഴുത്തിലും ചെവിക്കും കണ്ണിനും വേദനയുണ്ടെന്നും ഇതുസംബന്ധിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ റിപോര്‍ട് കൂടി ലഭിച്ചശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തുമെന്നും ചേര്‍ത്തല എസ്.ഐ ജി.അജിത്കുമാര്‍ പറഞ്ഞു. ദേഹോപദ്രപും ഏല്‍പിക്കുകയും അസഭ്യം പറയുകയും ചെയ്തതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പ്രതികളായ സി.പി.ഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റിയംഗങ്ങളായ എം.എം നിയാസിനേയും എ. സജിയേയുമാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഡോക്ടറുടെ ദേഹത്ത് തൊടുക പോലും താന്‍ ചെയ്തിട്ടില്ലെന്നും സംഭവങ്ങളുടെ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ തെളിവായി ഹാജരാക്കുമെന്നും ഇതുസംമ്പന്ധിച്ച് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ കള്ളക്കേസില്‍ കുടുക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേസിലെ പ്രതിയായ നിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."