ഐ.ടി നഗരത്തിലെ മത്സ്യ മാര്‍ക്കറ്റിന് പുതു മുഖം ഒരുങ്ങുന്നു
കഠിനംകുളം: വിശ്രമകേന്ദ്രവും പൊതു ശൗചാലയവും സ്റ്റാളുകളും കൂടാതെ പാര്‍ക്കിങ് സൗകര്യങ്ങളും ഉള്‍പ്പെടുത്തി കഴക്കൂട്ടം മത്സ്യ മാര്‍ക്കറ്റിന് പുതിയ മുഖമൊരുങ്ങുന്നു.
ഇതിനായി 1,10,90,000 രൂപയാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ചിലവഴിക്കുന്നത്. നിലവിലുള്ള ഹൈടെക് മാര്‍ക്കറ്റിനകത്ത് കച്ചവടക്കാര്‍ നേരിടുന്ന ചില അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നവീകരണത്തിന്റെ മുന്നോടിയായി നിലവിലെ കെട്ടിടത്തിനകത്തെ മത്സ്യ സ്റ്റാളുകള്‍ പൊളിച്ച് തുടങ്ങി.
വില്പന നടത്തുന്നവര്‍ക്ക് ഇരുന്നും മറ്റും സൗകര്യപ്രദമായി കച്ചവടം നടത്തുന്ന രീതിയില്‍ ഇത് മിനുക്കി പണിയും. നിലവില്‍ മാര്‍ക്കറ്റ് ചുറ്റുമതിലിനകത്ത് സ്തിതി ചെയ്യുന്ന കോര്‍പറേഷന്റെ മൂന്ന് മുറികട പൊളിച്ച് മാറ്റും. ഇവിടെ ബഹുനില മന്ദിരം പണിയും. ബഹുനില മന്ദിരത്തിന്റെ താഴത്തെ നില വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തും.
രണ്ട് നിലകളിലായി വിശാലമായ ശുചി മുറികളും നിര്‍മിക്കും. ഇതിനോട് ചേര്‍ന്ന്ആധുനിക രീതിയിലുള്ള പ്രവേശന കവാടവും നിര്‍മിക്കും. നിലവില്‍ മാര്‍ക്കറ്റിനകത്തുള്ള സ്റ്റാളുകള്‍ക്ക് കൂടുതല്‍ സ്ഥലം അനുവദിച്ച് കൊണ്ട് സ്റ്റാളുകള്‍ വിശാലമാക്കും. മത്സ്യം കച്ചവടം ചെയ്യുന്ന സ്ത്രീകളെ മുന്നില്‍ കണ്ട് കൊണ്ട് ഇവര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ ക്രമീകരിക്കും.
പാര്‍ക്കിങ് ഏരിയയില്‍ ഒരേ സമയം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അറുപതോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. ശുചി മുറികളില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കായി മാത്രമായി മാറ്റിയിട്ടുണ്ട്. പുരുഷന്മാര്‍ക്ക് നാല് എണ്ണമാണ് നിര്‍മിക്കുക. ഏറ്റവും ആകര്‍ഷകമായ രീതിയില്‍ നിര്‍മിക്കുന്ന വിശ്രമകേന്ദ്രത്തില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ടി.വിയും എഫ്.എം റേഡിയോയും സ്ഥാപിക്കാനുള്ള ലക്ഷ്യവും അധികൃതര്‍ക്കുണ്ട്. ഇതിന് പുറമേ ബയോഗ്യാസ് പ്ലാന്റും ഒരുങ്ങുകയാണ്.
ഈ പ്ലാന്റില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ച് മാര്‍ക്കറ്റിലെ ലൈറ്റുകള്‍ തെളിക്കും. പ്ലാന്റ് പൂര്‍ത്തിയാകുന്നതോടെ മാര്‍ക്കറ്റിനകത്തും പുറത്തും കടുതല്‍ വിളക്കുകള്‍ പ്രകാശിപ്പിക്കും. മാര്‍ക്കറ്റിനകത്തെ പാര്‍ക്കിംങ് സംവിധാനം ഒരുങ്ങുന്നതോടെ ഏറെ നാളായിട്ടുള്ള മാര്‍ക്കറ്റ് റോഡിലുള്ള ഗതാഗത കുരുക്ക് എറെ കുറെ പരിഹരിക്കാന്‍ കഴിയും. നിലവില്‍ മാര്‍ക്കറ്റ് റോഡില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."