യന്ത്രവല്‍ക്കരണത്തോടെ തൊഴില്‍ വൈവിധ്യമുണ്ടായി : മന്ത്രി എ.സി മൊയ്തീന്‍
കോട്ടയം: യന്ത്രവത്കരണത്തോടെ തൊഴില്‍ ഇല്ലാതാവുകയല്ല മറിച്ച് തൊഴില്‍ വൈവിധ്യമാണ് ഉണ്ടായിരിക്കുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി എസി മൊയ്ത്ീന്‍ പറഞ്ഞു. കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ കാഡ്‌കോയുടെ ആഭിമുഖ്യത്തില്‍ നടന്ന ലേബര്‍ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട ആലോചന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജന്മിത്വവും നാടുവാഴിത്തവും അവസാനിച്ചപ്പോള്‍ അന്നുണ്ടായിരുന്ന പല പരമ്പരാഗത തൊഴില്‍ മേഖലകളും ഇല്ലാതായെന്ന് പറഞ്ഞ വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്ത്ീന്‍ യന്ത്രവത്കരണത്തിന്റെ ആധുനിക കാലഘട്ടത്തില്‍ തൊഴിലുകള്‍ കുറയുകയല്ല മറിച്ച് തൊഴിലിന്റെ രീതികളാണ് മാറിയതെന്ന കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത തൊഴില്‍ മേഖലകളില്‍ യന്ത്രവത്കരണം കടന്നുവന്നതോടെ സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നതിനും അപ്പുറം തൊഴില്‍ സാധ്യതകള്‍ ഈ മേഖലയിലുണ്ടായെന്നും മന്ത്രി പറഞ്ഞു. കാലം മാറുന്നതനുസരിച്ച് തൊഴില്‍ രീതികളിലും മാറ്റം ഉണ്ടാകണം. കളിമണ്‍ പാത്ര നിര്‍മ്മാണം അടക്കം പല മേഖലകളിലും ഇടത്തട്ടുകാരാണ് നേട്ടം കൊയ്യുന്നത്.
അതേസമയം അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവടക്കം പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട്. പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ സാധ്യതകള്‍ കണ്ടെത്തി അതില്‍ വൈദഗ്ദ്ധ്യവും വൈവിധ്യവും സാധ്യമാക്കണണമെന്നും മന്ത്രി പറഞ്ഞു.
ലേബര്‍ ബാങ്ക് രൂപീകരിച്ചാല്‍ തൊഴില്‍ ഒഴിവുകള്‍ കണ്ടെത്തി തൊഴിലാളികളെ അവിടേക്ക് വിന്യസിക്കാന്‍ കഴിയുമെന്നും ഇതോടെ കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്ക് കടന്നുവരികയും സര്‍ക്കാര്‍ ആനുകൂല്യങ്ങളും പദ്ധതികളും അതനുസരിച്ച് രൂപപ്പെടുത്താന്‍ സാഹചര്യമൊരുങ്ങുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."