തൃക്കളത്തൂരിലെ പ്ലാച്ചേരി മലയും വിസ്മൃതിയിലേക്ക്
മൂവാറ്റുപുഴ : തൃക്കളത്തൂരിലെ പ്ലാച്ചേരി മലയും വിസ്മൃതിയിലേക്ക്. പായിപ്ര പഞ്ചായത്തിലെ 22 -ാം വാര്‍ഡില്‍ നിന്നാരംഭിച്ച് ഒന്നാം വാര്‍ഡിലൂടെ കടന്ന് രായമംഗലം പഞ്ചായത്തിലെ ആറളികാവുവരെ വ്യാപിച്ചുകിടക്കുന്ന പ്ലാച്ചേരിമലയുടെ ഒരു ഭാഗത്തുനിന്നും ഭൂമാഫിയ തുരക്കല്‍ ആരംഭിച്ചുകഴിഞ്ഞു. തൃക്കളത്തൂരിനേയും പായിപ്ര, മാനാറി കരകളെ വേര്‍തിരിച്ചുനിര്‍ത്തുന്ന രണ്ട് കിലോമീറ്ററോളം ദൂരത്തിലായി വ്യാപിച്ചു കിടക്കുന്ന മലയിലാണ് ഹിറ്റാച്ചിയുടെ തുമ്പികൈ എത്തിനില്‍ക്കുന്നത്. പ്ലാച്ചേരിമലയോട് ചേര്‍ന്ന് കിടക്കുന്ന ചാരപ്പാട് മല ഭൂമാഫിയ നിരപ്പാക്കികൊണ്ടിരിക്കുകയാണ്. കൃഷിചെയ്യാനെന്ന വ്യാജേനയാണ് നിയമ വിരുദ്ധമായി ചാരപ്പാട് മലയിടിക്കുന്നത്. ചാരപ്പാട്, പ്ലാച്ചേരി മലകളുടെ അടിവാരമാണ് പായിപ്ര, മാനാറി, തൃക്കളത്തൂര്‍, ചാരപ്പാട് കോളനി, പള്ളിച്ചിറങ്ങര തുടങ്ങിയ പ്രദേശങ്ങള്‍.
ഈ മലകള്‍ പൂര്‍ണമായി ഭൂമാഫിയ കൈവശപ്പെടുത്തി ഇടിച്ചുനിരത്തി നിരപ്പാക്കിയാല്‍ പായിപ്ര ,മാനാറി ,തൃക്കളത്തൂര്‍, ചാരപ്പാട് കോളനി, പള്ളിച്ചിറങ്ങര പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് തകരുന്നത്. ഭൂമിയുടെ ആവാസ വ്യവസ്ഥയെതന്നെ മാറ്റിമറുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ മലക്കടിയില്‍ തങ്ങിനില്‍ക്കുന്ന നീരുറവ ഇല്ലാതാകുന്നതോടെ പ്രദേശം മരുഭൂമിക്ക് സമാനമാകും.
ശക്തിയായി വീശിയടിക്കുന്ന കാറ്റില്‍ നിന്നും ഈ പ്രദേശത്തെ രക്ഷിക്കുന്നത് ഈ മലകളാണ്. ഈമലകളില്‍ അപൂര്‍വയിനും മരുന്നുചെടികളും അപൂര്‍വയിനം മരങ്ങളുമുള്‍പ്പടെ ജൈവ വൈവിദ്യമായ പ്രദേശമാണിത്. മലയോരപ്രദേശമായ ഇവിടെ വലിയ ഉരുളന്‍ കല്ലുകള്‍ നിരവധിയാണ്. ഈ കല്ലുകളാണ് ഇപ്പോള്‍ ഭൂമാഫിയയുടെ കണ്ണിപ്പെട്ടിട്ടുള്ളത്. വലിയ വിലകിട്ടുന്ന ഏതോ മുന്തിയ തരം കല്ലാണ് ഇതെന്ന് പറയുന്നു.
ഹിറ്റാച്ചികൊണ്ട് മല തുരന്നതിനുശേഷം വലിയ കല്ലുകള്‍ ഇളക്കിയെടുത്ത് ചെറിയരൂപത്തില്‍ ചെത്തിമിനുക്കിയശേഷം വലിയ മാന്‍ വണ്ടിയില്‍ കയറ്റികൊണ്ടുപോകുകയാണ്. പകല്‍ സമയത്ത് മലതുരന്ന് കല്ലുകള്‍ പുറത്തെടുത്തതിനുശേഷം രാത്രി കാലങ്ങളിലാണ് കയറ്റി കൊണ്ടുപോകുന്നത്. ഇത് എങ്ങോട്ടാണെന്നൊ എന്തിനാണെന്നൊ എന്തു വിലകിട്ടുമെന്നൊ ആര്‍ക്കും അറിയില്ല. ഒരു നാടിനെ ആകെ നശിപ്പിക്കുന്ന രീതിയിലുള്ള മലതുരക്കലിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. പക്ഷേ ഭൂമാഫിയ നാട്ടുകാരുടെ പ്രതിഷേധത്തിന് പുല്ലുവിലപോലും കല്പിക്കുന്നില്ല. തങ്ങള്‍ സര്‍ക്കാര്‍ അനുമതിയോടു കൂടിയാണ് ചാരപ്പാടുമലയും പ്ലാച്ചേരിമലയും തുരന്നുകൊണ്ടിരിക്കുന്നതെന്ന ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് കൈകൊള്ളുന്നത്. അവധി ദിവസങ്ങളുടെ മറവിലാണ് മല തുരക്കല്‍ ശക്തമായി നടക്കുന്നത്.
സഹികെട്ട ജനങ്ങള്‍ ജില്ലാ പഞ്ചായത്തുമെമ്പര്‍ എന്‍. അരുണ്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളെ കണ്ട് ജനങ്ങള്‍ പ്രതിഷേധമറിയിക്കുകയും നാടിനെ നശിപ്പിക്കുന്ന ഭൂമാഫിയകളുടെ പ്രവര്‍ത്തനം അവസിനിപ്പിക്കുന്നതിന് നിയമപരമായ നടപടികൈകൊള്ളണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ ആര്‍.ഡി.ഒയെ നേരിട്ട് വിളിച്ച് നാടിനെ നശിപ്പിക്കുന്ന പ്ലാച്ചേരിമലകളും, ചാരപ്പാട് മലകളും ഇടിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആഴശ്യപ്പെട്ടതിനെ തുടര്‍ന്ന് ആര്‍.ഡി.ഒ നേരിട്ട് സ്ഥലത്തെത്തിയ ശേഷമാണ് നടപടി എടുക്കുവാന്‍ തയ്യാറായത്.
മലയിടിച്ചുകൊണ്ടിരുന്ന ജെ.സി.ബി പിടിച്ചെടുത്തത്. എന്നാല്‍ റെയ്ഡ് വിവരം എങ്ങനെയോ ചോര്‍ന്നതിനെ തുടര്‍ന്ന് മറ്റു വാഹനങ്ങള്‍ ഭൂമാഫിയകള്‍ക്ക് മാറ്റുവാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വന്നതോടെ ഉള്‍വലിഞ്ഞ ഭൂമാഫിയ തലവന്‍മാര്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. ഈ മലകളിലെ മുഴുവന്‍ കല്ലും കയറ്റി വിടുമെന്ന് വാശിയില്‍ തന്നെയാണ് മലതുരക്കല്‍ പ്രമാണിമാര്‍ നിലകൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."