വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഗുണ്ടാ സംഘത്തെ പൊലിസ് അറസ്റ്റ് ചെയ്തു
എരുമപ്പെട്ടി: വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പുത്തൂര് കൈതക്കോടന്‍ വീട്ടില്‍ ഷെബി(29), പടിഞ്ഞാക്കര വീട്ടില്‍ ഷാഫി (31) ,തയ്യൂര്‍ പഴങ്കന്‍ വീട്ടില്‍ സജിന്‍ (33) എന്നിവരേയാണ് എരുമപ്പെട്ടി എസ്.ഐ. വി.പി. സിബീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയില്‍ പ്ലാവളപ്പില്‍ സരോജിനിയെയാണ് പ്രതികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സരോജിനിയുടെ മക്കളായ കണ്ണന്‍, സജീഷ് എന്നിവരോട് ഷെബിക്കുള്ള മുന്‍ വൈരാഗ്യമാണ് സംഭവത്തിന് കാരണം. എരുമപ്പെട്ടി ബാറില്‍ നിന്നും മദ്യപിച്ച ഗുണ്ടാ സംഘം സരോജിനിയുടെ വീട്ടിലെത്തി കണ്ണനേയും ,സജീഷിനേയും അന്വേഷിക്കുകയും ഇവര്‍ വീട്ടിലില്ലെന്ന് മനസിലായപ്പോള്‍ ഷെബി സരോജിനിയുടെ മുടിയില്‍ കുത്തിപിടിച്ച് തോക്ക് കഴുത്തില്‍ ചൂണ്ടി അമ്മയേയും മക്കളേയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച കണ്ണന്റെ ഭാര്യയെ മറ്റു രണ്ട് പ്രതികള്‍ അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിന് ശേഷം എരുമപ്പെട്ടി സെന്ററിലും ബാറിലും തോക്കെടുത്ത് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലിസ് ഇവരെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ വെച്ച് പ്രതികള്‍ പൊലിസ് ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തി. ഇവരില്‍ നിന്ന് പൊലിസ് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. കണ്ടെടുത്ത തോക്ക് എയര്‍ പിസ്റ്റള്‍ ഇനത്തില്‍ പെട്ടതാണെന്ന് പൊലിസ് അറിയിച്ചു.
ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനും, വധശ്രമത്തിനുമാണ് ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുള്ളത്. ഷെബി മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. എരുമപ്പെട്ടി മേഖലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."