ബല്‍റാമിനെതിരായ പരാമര്‍ശം; റോജി എം. ജോണിന് പൊങ്കാല
കൊച്ചി: വി.ടി ബല്‍റാമിനെതിരായി പോസ്റ്റിട്ട റോജി എം. ജോണ്‍ എം.എല്‍.എക്ക് ഫേസ്ബുക്കില്‍ പൊങ്കാല. കരുണ, കണ്ണൂര്‍ സ്വാശ്രയ ബില്ലില്‍ ക്രമപ്രശ്‌നം ഉന്നയിച്ച ബല്‍റാമിന്റെ നിലപാടിനെതിരേയായിരുന്നു റോജി എം. ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മാനുഷിക പരിഗണന നല്‍കിക്കൊണ്ട് യു.ഡി.എഫ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്‍മാര്‍ ഇത്രയുംകാലം ഏത് സമാധിയില്‍ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളില്‍ ഉന്നയിക്കാതെ 'അവസരം' നോക്കി പൊതുസമൂഹത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി 'ഞാന്‍ മാത്രം മാന്യന്‍', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദര്‍ശ രാഷ്ട്രീയത്തോട് ' അശേഷം താല്‍പര്യമില്ല. ലൈക്കുകള്‍ക്കും കൈയടിക്കുംവേണ്ടി ധാര്‍മിക ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാനില്ല. പാര്‍ട്ടി തീരുമാനത്തെ ജനം വിമര്‍ശിക്കുമ്പോള്‍ അത് ഏറ്റെടുക്കാന്‍ തയാറാണെന്നും റോജിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍, പോസ്റ്റിട്ട് മണിക്കൂറുകള്‍ കഴിയുന്നതിനുമുന്‍പ് തന്നെ പൊങ്കാലയുമായി ആളുകളെത്തി. പാരച്യൂട്ടിലും നൂലിലും കെട്ടി നേരെ മണ്ഡലത്തിലേക്ക് ഇറങ്ങി എം.എല്‍.എ ആയ വ്യക്തിയല്ല വി.ടിയെന്ന് റോജിയുടെ പോസ്റ്റിനടിയില്‍ പൊങ്കാലയിടാനെത്തിയവര്‍ പറയുന്നു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിലൂടെ ദേഹത്ത് മണ്ണ് പറ്റാതെ രാഷ്ട്രീയ എതിരാളികളുടെ സ്‌നേഹഭാജനമായി ജീവിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ബല്‍റാമിനോട് ചൊറിയാന്‍ നില്‍ക്കേണ്ട. അത് നിങ്ങളുടെ കുഴിതോണ്ടല്‍ ആയിരിക്കും. നട്ടെല്ലില്ലാതെ 100 കൊല്ലം ജീവിക്കുന്നതിലും നല്ലത് നട്ടെല്ലോടെ ഒരുദിവസം ജീവിക്കുന്നതാണെന്നും ചിലര്‍ കമന്റിട്ടു.
ബല്‍റാമിനെതിരേ പോസ്റ്റിട്ട കെ.എസ് ശബരീനാഥിനെതിരേയും വിമര്‍ശനമുയര്‍ന്നു. അച്ഛന്റെ പേരുപറഞ്ഞ് ജയിച്ചയാള്‍ക്ക് എല്‍.ഡി.എഫ് കോട്ട പിടിച്ചെടുത്ത വി.ടിയെ അധിക്ഷേപിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് ചിലര്‍ കമന്റിട്ടപ്പോള്‍ പിതാവിന്റെ സല്‍പ്പേരിന് കളങ്കം വരുത്തരുതെന്നായിരുന്നു ചിലരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."