രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ജയറാം രമേശ്
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനം അവസാനിപ്പിച്ച നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവും മുന്‍ പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേശ്. പാര്‍ലമെന്റ് അനിശ്ചിതമായി പിരിഞ്ഞ നടപടി ശരിയല്ലെന്നും രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡുവിന് കത്തയച്ചു. മെയ്-ജൂണ്‍ മാസങ്ങളില്‍ രണ്ടാഴ്ച നീളുന്ന പ്രത്യേക സമ്മേളനം വിളിക്കാന്‍ നടപടി വേണമെന്നും സഭയില്‍ അംഗങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ചക്കും സംവാദത്തിനും കൊണ്ടുവരണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്‍സൂണ്‍ സമ്മേളനത്തിന് മുന്‍പ് രാജ്യസഭയും ലോക്‌സഭയും ചുരുങ്ങിയ സമയമെങ്കിലും വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ദേശീയ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇത് ആവശ്യമാണെന്നും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരു സഭകളും നടപടികളൊന്നും കൈക്കൊള്ളാതെ പിരിഞ്ഞത്. രണ്ടാം ഘട്ട സമ്മേളനത്തില്‍ ലോക്‌സഭ പ്രവര്‍ത്തിച്ചത് നാല് ശതമാനവും രാജ്യസഭ എട്ട് ശതമാനവുമായിരുന്നു. ബജറ്റ് സമ്മേളനത്തില്‍ മൊത്തം 250 മണിക്കൂറാണ് പാഴായത്. രണ്ട് സഭകളിലുമായി മൊത്തം 784 അംഗങ്ങളാണ് ഉള്ളത്. ഇത് കണക്കാക്കുമ്പോള്‍ എം.പിമാരുടെ സമയത്തില്‍ 1.96 ലക്ഷം മണിക്കൂറാണ് പാഴായത്. പാര്‍ലമെന്റ് ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള ചെലവ് 1.56 കോടി രൂപയാണ്. രാജ്യത്തെ നിര്‍ണായകമായ പല കാര്യങ്ങളും നടപ്പാക്കേണ്ട സഭ കൃത്യമായി ചേരാത്തതുകാരണം ഏതാണ്ട് 390 കോടി രൂപയുടെ നഷ്ടമാണ് രണ്ടാം ഘട്ട സഭാസമ്മേളന കാലത്ത് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."