കെ.പി.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് എഫ്.സി തൃശൂര്‍
തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് അഞ്ചാം സീസണിന്റെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് എഫ്.സി തൃശൂര്‍ വിജയത്തുടക്കമിട്ടു. മികച്ച അഞ്ച് താരങ്ങളില്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം അക്കൗണ്ട് തുറന്നത്. ഏഴാം മിനുട്ടില്‍ ഇടത് വിങില്‍ നിന്ന് ലഭിച്ച പാസ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റക്കാരന് ഷിബോര് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സീനിയര്‍ ടീമിനെ പോലെ ഗോള്‍ അടിച്ച ആലസ്യത്തില്‍ കളി മറന്ന ബ്ലാസ്റ്റേഴ്സിന് മുന്നേറ്റ നിര താരം ആഷിക്കിലൂടെ ആദ്യ പകുതിയില്‍ തന്നെ എഫ്.സി തൃശൂര്‍ മറുപടി നല്കി. ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയില്‍ സഹതാരം സാദിഖില്‍ നിന്ന് ലഭിച്ച പാസ് ഇടംകാലന്‍ ഷോട്ടിലൂടെ ആഷിക് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു.
രണ്ടാം പകുതിയില്‍ പന്ത് കൈവശം വച്ച് കളിച്ച തൃശൂര്‍ നിരവധി തവണ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍മുഖം വിറപ്പിച്ചു. തുടര്‍ച്ചയായ ഗോള്‍ ശ്രമത്തിന് ശേഷം 57ാം മിനുട്ടില്‍ തൃശൂരിന്റെ സാദിക് എടുത്ത ഫ്രീ കിക്ക് ഗോളി തട്ടിയകറ്റിയെങ്കിലും ഓടിയെത്തിയ ആഷിക് മനോരമായ ഹെഡ്ഡറിലൂടെ വിജയ ഗോള്‍ കുറിച്ചു. ഇതിനിടയില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരക്കാരന് അനന്ദുമുരളിയുടെ ചില നീക്കങ്ങള്‍ എഫ്.സി പ്രതിരോധത്തില്‍ തട്ടിമടങ്ങി. ഗോള്‍ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമത്തെ മികച്ച രീതിയിലാണ് തൃശൂര്‍ പ്രതിരോധിച്ചത്.
മത്സരം മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്തു. കെ.എഫ്.എ വൈസ് പ്രസിഡന്റ് കെ.പി സണ്ണി, ജനറല്‍ സെക്രട്ടറി പി അനില്‍ കുമാര്‍ സംബന്ധിച്ചു.
കോര്പറേഷന് സ്റ്റേഡിയത്തിലെ അടുത്ത മത്സരത്തില്‍ ഈ മാസം 22ന് എഫ്.സി തൃശൂര്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."