മൂന്നു വനിതകളെ ഉള്‍പ്പെടുത്തി സഊദി സാംസ്‌കാരിക അതോറിറ്റി പുനഃസംഘടിപ്പിച്ചു
റിയാദ്: മൂന്നു വനിതകളെ ഉള്‍പ്പെടുത്തി സഊദി സാംസ്‌കാരിക അതോറിറ്റി പുനഃസംഘടിപ്പിച്ചു. സഊദി അറേബ്യന്‍ ജനറല്‍ അതോറിറ്റി ഫോര്‍ കള്‍ച്ചറല്‍ ഡയറക്റ്റര്‍ ബോര്‍ഡിലേക്കാണ് മൂന്ന് പുതുമുഖങ്ങളായ വനിതകളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചതായി സാംസ്‌കാരിക മന്ത്രി ഡോ: അവാദ് ബിന്‍ സ്വാലിഹ് അല്‍ അവാദ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന വിപുലമായ അധികാരങ്ങളോടെയാണ് പുതിയ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
സഊദി സാംസ്‌കാരിക രംഗത്ത് തങ്ങളുടേതായ വ്യക്തിത്വം നല്‍കിയ മൂന്നു വനിതകളെയാണ് ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് നിയമിച്ചത്. മുന ഖസന്ദാര്‍, മൈസ അല്‍ സുബൈഹി, ഹൈഫ അല്‍ മന്‍സൂര്‍ എന്നീ വനിതകളാണ് നിയമിക്കപ്പെട്ടത്.
പാരീസ് ആസ്ഥാനമായ അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റര്‍ ജനറലായി നിയമിതനായ ആദ്യ വനിതയും ആദ്യ സഊദി പൗരയുമാണ് മുന ഖസന്ദാര്‍. അറബ് സമകാലീന കലയുടെ പ്രോത്സാഹനത്തിനായി നിലകൊള്ളുന്ന സാംസ്‌കാരിക സ്ഥാപനമായ അല്‍ മന്‍സൂരിയ ഫൗണ്ടേഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ക്രിയേറ്റിവിറ്റിയുടെ സ്ഥാപകാംഗവും വൈസ് പ്രസിഡന്റും കൂടിയാണ് ഇവര്‍.
പ്രശസ്ത നാടക കൃത്തും സംവിധായകയുമാണ് മൈസ അല്‍ സുബൈഹി. ഇവരുടെ നാടകങ്ങള്‍ ഇതിനകം തന്നെ രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്. മറ്റൊരംഗമായ ഹൈഫ മന്‍സൂര്‍ സഊദിയിലെ ആദ്യ വനിത സംവിധായികയാണ്. വനിതകളെ വിവിധ മേഖലകളിലേക്ക് കൊണ്ടു വരുന്നതിനായി ഇവര്‍ വഹിക്കുന്ന പങ്കുകള്‍ കണക്കിലെടുത്താണ് ഡയറക്റ്റര്‍ ബോര്‍ഡ് സ്ഥാനങ്ങളിലേക്ക് നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."