കര്‍ണാടക തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് കാലിടറുന്നു
ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബി.ജെ.പിക്ക് കാലിടറുന്നു. സംസ്ഥാനത്തെ നേതാക്കളില്‍ വിശ്വാസമില്ലാത്ത കേന്ദ്ര നേതൃത്വം, കോണ്‍ഗ്രസിനെ എങ്ങനെ എതിരിടണമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ ധാരണയിലെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയ രാം മാധവ്, ബി.ജെ.പി നേതാക്കളെ ആരേയും കാണാന്‍ തയാറായിട്ടില്ല. പകരം ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തത്. സംസ്ഥാനത്തെ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതുവരെ കേന്ദ്ര നേതാക്കള്‍ സംതൃപ്തരല്ലെന്നും വിവരമുണ്ട്.
കര്‍ണാടകയിലെ 30 ജില്ലകളില്‍ 28ലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അദ്ദേഹം പങ്കെടുത്ത പൊതുയോഗങ്ങളിലെല്ലാം വന്‍ജനപങ്കാളിത്തം ഉള്ളത് ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയാകട്ടെ പ്രധാനമന്ത്രി മോദിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും എതിരേ ശക്തമായ ആക്രമണം നടത്തുന്നത് പ്രതിരോധിക്കാന്‍ പോലും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. ബി.ജെ.പിയുടെ പ്രചാരണത്തിന് ഇതുവരെ പൂര്‍ണത കൈവന്നിട്ടില്ലെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്. കോണ്‍ഗ്രസിനെ എതിരിടാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. അവര്‍ പ്രത്യേക അജന്‍ഡ മുന്‍നിര്‍ത്തിയാണ് പ്രചാരണം നടത്തുന്നത്. അതിനെ നേരിടാന്‍ പാര്‍ട്ടിക്ക് കഴിയുന്നുമില്ല. ഇക്കാര്യം ദേശീയ നേതൃത്വം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാല് മാസത്തിനിടയില്‍ നാല് പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. അമിത് ഷായാകട്ടെ 12 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി. കര്‍ണാടകയില്‍ മോദി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. അതേസമയം മോദിയാണ് തങ്ങളുടെ അവസാനത്തെ ആയുധമെന്ന് പറഞ്ഞ ഒരു നേതാവ്, സംസ്ഥാനത്ത് മോദി തരംഗമുണ്ടാക്കാന്‍ അദ്ദേഹം അടിയന്തരമായി കര്‍ണാടകയില്‍ എത്തണമെന്നും ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യം ബി.ജെ.പിക്ക് അനുകൂലമല്ലെന്ന് തുറന്ന് സമ്മതിക്കുന്ന സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍, മോദി മാജിക്കിലാണ് ഇനിയുള്ള പ്രതീക്ഷയെന്നും വ്യക്തമാക്കുന്നു.
കോണ്‍ഗ്രസിനെതിരേ മോദിയെ തെരഞ്ഞെടുപ്പ് രംഗത്ത് എത്തിക്കണമെന്നാണ് ആര്‍.എസ്.എസും ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യദ്യൂരപ്പയുടെ പ്രചാരണം ബി.ജെ.പി നേതൃത്വത്തെ തൃപ്തിപ്പെടുത്തിയിട്ടില്ല. ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കിയത്, മഹാദായി നദിയിലെ ജലം പങ്കുവയ്ക്കല്‍, യദ്യൂരപ്പക്കെതിരായി ഉയരുന്ന അഴിമതി ആരോപണം തുടങ്ങിയവ ബി.ജെ.പിയെ കടുത്ത സമ്മര്‍ദത്തിലാക്കുന്നുണ്ട്.
അതേസമയം യദ്യൂരപ്പക്കു പകരം വയ്ക്കാന്‍ പറ്റുന്ന ഒരു നേതാവ് ഇല്ലെന്നതാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നതെന്നും കേന്ദ്ര നേതാക്കളില്‍ ചിലര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."